വീട്ടിൽ ഒരു ലൈബ്രറി എന്ന ചിന്ത ഏറെ കുറേ കുറഞ്ഞു വന്നിരിക്കുന്നു.വായനയെ അടിസ്ഥാനമാക്കിയുള്ള ഭാഷാശാസ്ത്രവും മനഃശാസ്ത്രവുമായ വികസനം ഇന്നത്തെ തലമുറയിൽ വലിയൊരു മാറ്റം ഉണ്ടാക്കിയിരിക്കുന്നു. കാലങ്ങളായി നമ്മൾ അറിഞ്ഞു വന്നിരുന്ന പരമ്പരാഗത വായനശൈലി – അതായത് പുസ്തകവായന – ഇപ്പോൾ സ്ക്രീൻ വായനയുടെ ആധിപത്യം കൊണ്ട് മുന്നേറുകയാണ്.
ഒരു കാലത്ത് പുസ്തകങ്ങളായിരുന്നു അറിവിന്റെ പ്രധാന ഉറവിടം. പുസ്തകങ്ങൾ വായിക്കുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ ആഴവും, ഭാഷയുടെ സൗന്ദര്യബോധവുമാണ് തലമുറകളെ ചിന്തിക്കാൻ പ്രേരിപ്പിച്ചിരുന്നത്. ക്ലാസ്സറൂമുകളിൽ നിന്ന് ലൈബ്രറികളിലേക്ക് നീണ്ട വഴികൾ കുട്ടികളിൽ ആസ്വാദനശീലവും അറിവ് സമ്പാദനവും വളർത്തിയിരുന്നു.
എന്നാൽ ഇന്ന് . ഇന്റർനെറ്റും മൊബൈൽ ഫോൺ സ്ക്രീനുകളും മനുഷ്യരുടെ വായനശീലങ്ങളിൽ വിപുലമായ മാറ്റം ചെലുത്തിയിരിക്കുന്നു . അറിവ് നേരത്തേതിനെക്കാൾ വേഗത്തിൽ ലഭ്യമാകുന്ന ഇന്ന്, ഗ്രാഫിക്സും, വിഡിയോയുമാണ് വായനയുടെ മാതൃകയെ നിർവചിക്കുന്നത്. ഇ-ബുക്കുകളും ആപ്പ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ലഘുവായനയും ഇക്കാരണത്താൽ തന്നെ ഉയർന്ന വരവേൽപ്പാണ് നേടുന്നത്.
പൊതുവെ ഇവിടെ രണ്ട് അഭിപ്രായം ഉയർന്നു വരുന്നത് കാണാൻ കഴിയും. ഒന്ന് പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നവരും മറ്റൊന്ന് സ്ക്രീൻ വായനയെ നിരാകരിക്കുന്നവരും. സ്ക്രീൻ വായനയെ ദോഷകരമായി കാണുന്ന പ്രധാന വശങ്ങൾ വായനയുടെ ആഴത്തിലുള്ള കുറവ്, ഭാഷ സംസ്കാരത്തിന്റെ ക്ഷയം, വായനയിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ, കണ്ണിന്റെ ആരോഗ്യംbഎന്നിവയൊക്കെയാണ്.
പുസ്തകവായനയെപ്പറ്റിയുള്ള അനുരാഗം പലർക്കും "ഓൾഡ് ഫാഷൻഡ്" ആയതായി തോന്നുമ്പോഴും അതിന്റെ ഗുണങ്ങൾ ഇന്ന് വീണ്ടും തിരിച്ചറിയപ്പെടുകയാണ്. ഒരു പുസ്തകം വായിക്കുമ്പോൾ ഒരാളുടെ മനസ്സും കാഴ്ചപ്പാടുകളും ചിന്തകളും ആഴമാകുന്നു. അതിന്റെ സാന്ദ്രത സ്ക്രീൻ വായനയ്ക്കില്ല എന്നത് വസ്തുത ആണ്.
പുതിയ തലമുറ സ്ക്രീൻ വായനയെ അത്രയും നിഷേധിക്കേണ്ടതില്ല. എന്നാൽ വായനയുടെ ഗുണങ്ങൾ നിലനിറുത്താൻ, ആഴമുള്ള പുസ്തക വായനയും സ്ക്രീൻ വായനയും ഒരുമിച്ച്
പുസ്തകവായനയുടെ മധുരവും സ്ക്രീൻ വായനയുടെ വേഗതയും തമ്മിൽ ഒരു സന്തുലിത നില കണ്ടെത്തുകയാണ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്. വായന ഒരു ശീലമാകുമ്പോഴാണ് വ്യക്തിത്വം വളരുന്നത്. അതിനാൽ മാദ്ധ്യമം എന്തായാലും, വായന തുടരുക – ആസ്വാദിക്കുകയും ആലോചിക്കുകയും ചെയ്യുക.
ഹരിത തങ്കപ്പൻ


0 Comments