Image Background (True/False)


സിനിമാ അവാര്‍ഡുകള്‍ക്ക് പിന്നിലെ കാണാക്കളികള്‍.

 


ലോകപ്രശസ്ത ചലച്ചിത്ര പ്രതിഭകളുടെയും മലയാളത്തിലെ മഹാരഥന്മാരായ ചലച്ചിത്രകാരന്മാരുടെയും പേരില്‍ ഏര്‍പ്പെടുത്തുന്ന സിനിമാ അവാര്‍ഡുകള്‍ വെറും തട്ടിപ്പ് പരിപാടിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ചില സ്വാകാര്യ സംഘടനകളും വ്യക്തികളും തട്ടിക്കൂട്ടുന്ന ഇത്തരം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ സിനിമാലോകം തയ്യാറാകേണ്ടതാണ്. ഇത്തരം അവാര്‍ഡുകളുടെ പൊള്ളത്തരങ്ങളിലൂടെ അപകീര്‍ത്തിപ്പെടുന്നത് ലോകം മുഴുവന്‍ ആദരിക്കുന്ന മഹാന്മാരായ വിഖ്യാത ചലച്ചിത്ര പ്രതിഭകളാണ്. ഇവരുടെ പേരുകള്‍ ഉപയോഗിച്ചാണ് അവാര്‍ഡ് കമ്മറ്റികള്‍ രൂപീകരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടവും താല്പര്യവും ഉള്ളവര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും. ഇത്തരം തട്ടിക്കൂട്ട് അവാര്‍ഡ് കമ്മറ്റികള്‍ക്കൊന്നും കൃത്യമായ അവാര്‍ഡ് നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ ഇല്ലയെന്നതാണ് മറ്റൊരു വസ്തുത. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുവാനും ചലച്ചിത്രരംഗത്ത് പേരും പെരുമയും നേടാനുള്ള തന്ത്രങ്ങളാണ് ഈ പല അവാര്‍ഡ് പ്രഖ്യാപനങ്ങളും. തങ്ങള്‍ക്ക് താല്പര്യം ഉള്ളവരെ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നത് പോലും പണം വാങ്ങിയാണെന്നും വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് നല്‍കുന്ന അവാര്‍ഡുകള്‍ പലപ്പോഴും യഥാര്‍ത്ഥ അവാര്‍ഡിനര്‍ഹരായ പലരെയും അപമാനിക്കുന്നതിന് തുല്യമാണ്. തങ്ങള്‍ക്ക് താല്പര്യമുള്ളവര്‍ക്ക് നല്‍കാനാണ് പല അവാര്‍ഡുകളും സംഘടിപ്പിക്കുന്നതും നല്കുന്നതും. ഇതൊക്കെ തെറ്റായ മെസ്സേജാണ് പ്രചരിപ്പിക്കുന്നത്. ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പോലും പലപ്പോഴും സംശയത്തിന്‍റെ നിഴലില്‍ വരാറുണ്ട്. അത്തരം അവാര്‍ഡുകളില്‍ പോലും തല്പര കക്ഷികളെ തിരുകി കയറ്റുന്നതായി പറയപ്പെടുന്നു. പക്ഷേ ചലച്ചിത്ര പ്രതിഭകളുടെ പേരില്‍ ഏര്‍പ്പെടുത്തുന്ന അവാര്‍ഡുകളിലാണ് ആക്ഷേപം നിലനില്ക്കുന്നത്.

അടുത്തിടെയായി ഇത്തരം അവാര്‍ഡ് കമ്മറ്റികള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഏതെങ്കിലും ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ മരിച്ചാല്‍ പോലും പിറ്റേദിവസം അയാളുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്ന രീതിയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനിടെ ചില മാധ്യമങ്ങളും ചലച്ചിത്ര അവാര്‍ഡ് നിശയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. അതൊക്കെ തന്നെ ലക്ഷങ്ങള്‍ മാറിമറിയുന്ന മെഗാമേളകള്‍ തന്നെയാണ്. അത്തരം മേളകളെ ചുവടുപിടിച്ചാണ് ചലച്ചിത്ര പ്രതിഭകളുടെ പേരില്‍ ചില തല്പരകക്ഷികള്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ മുക്കിലും മൂലയിലും നടക്കുന്ന ആദരവ് പരിപാടികള്‍ പോലെ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് നല്ലതായി തോന്നുന്നില്ല. ഇത്തരം പരിപാടികളിലെ വിശ്വാസ്യതയെ വെളിപ്പെടുത്താന്‍ ചലച്ചിത്ര സംഘടനകളും, സത്യസന്ധമായി പ്രവര്‍ത്തിച്ചുവരുന്ന ഫിലിം സൊസൈറ്റികളും , പ്രേക്ഷക കൂട്ടായ്മകളും തയ്യാറായാല്‍ ചലച്ചിത്ര അവാര്‍ഡുകളുടെ പേരില്‍ നടക്കുന്ന തട്ടിക്കൂട്ട് പരിപാടികളെ ഒരുപരിധി വരെയെങ്കിലും നിയന്ത്രിക്കാനായേക്കും.

(പി.ആർ. സുമേരൻ: ചലച്ചിത്ര സംഘടനകളായഫെഫ്കാ, മാക്ട എന്നീ സംഘടനകളിലെ അംഗവും, സിനിമ പി.ആർ. ഒ. മാധ്യമ പ്രവർത്തകൻ എന്ന നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ലേഖകൻ)


Post a Comment

0 Comments