Image Background (True/False)


പോളച്ചൻ്റെ ഉത്തമഗീതങ്ങൾ.

 


 ജോബി ജോർജ് മുക്കാടൻ

രിമ്പനച്ചന്റെ  ആദ്യശനിയാഴ്ചത്തെ ധ്യാനം കൂടിയ അരൂപിയിൽ നിറഞ്ഞ് പരമകാരുണ്യവാനായ കർത്താവിനെ മനസിൽ സ്തുതിച്ചുകൊണ്ട് വീട്ടിലേയ്ക്ക് നടക്കുമ്പോളാണ് പോളച്ചന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലൊരു വെളിപാടുണ്ടായത്. 

'സീയോന്റെ രാജാവ് നിനക്കായി വലിയ കാര്യങ്ങൾ ഒരുക്കി വച്ചിരിക്കുന്നു, നീ അവൻ പറയുന്ന വഴിയേ ചരിക്കുവിൻ"

പത്താം വളവ് കഴിഞ്ഞ് തോട്ടിറമ്പിറമ്പിലൂടെ  വീട്ടിലേക്കുള്ള ഇടുങ്ങിയതും ഇഞ്ചമുള്ളുകൾ നിറഞ്ഞതുമായ ഇടവഴിയിലൂടെ സാധാരണ അയാൾ പോകാറുള്ളതല്ല, എങ്കിലും ആ വഴി പോകാനാണ് ഉൾവിളി ഉണ്ടായതെന്ന് തോന്നിയപ്പോൾ, സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം ഇടുങ്ങിയതും മുള്ളുകൾ നിറഞ്ഞതുമാണല്ലോ എന്ന ചിന്തയോടെ പോളച്ചൻ അതിലേ വീട്ടിലേയ്ക്ക്  നടന്നു. 

തോട്ടിറമ്പിലുള്ള ഈയലുവാകയുടെ അടുത്തെത്തിയപ്പോഴാണ് പോളച്ചനാ കാഴ്ച  കണ്ടതും അടിവയറ്റിൽ നിന്ന്  മുകളിലേയ്ക്ക് ഉയർന്നയൊരു  സ്തുതിപ്പ് തൊണ്ടക്കുഴിയിൽ തടഞ്ഞ്, അയാളുടെ സപ്തനാഡികളെയും  തളർത്തി കളഞ്ഞതും. 

'നിന്നെ പ്രലോഭിക്കുന്നതൊരു  സിനിമയുടെ പോസ്റ്റർ ആയാൽ പോലും  രണ്ടാമത് തിരിഞ്ഞു നോക്കുന്നത്, നീ കർത്താവിനേക്കാൾ അത്തരം കാഴ്ചകൾക്ക് പ്രാധാന്യം നൽകുന്നതാകയാൽ അത്  ഒന്നാം പ്രമാണ ലംഘനം ആണ്' എന്ന കരിമ്പനച്ചന്റെ ഉദ്‌ബോധനം  ഒരു നിമിഷം മനസ്സിൽ ഓടിയെത്തിയെങ്കിലും, 

' അവിടുന്ന് മനുഷ്യനെ ബലഹീനനും തരളഹൃദയനുമായി സൃഷ്ടിച്ചിരിക്കുന്നു, പ്രലോഭനങ്ങൾ അവന്റെ മരണത്തോളമൊപ്പമുള്ള കൂടപ്പിറപ്പത്രേ' എന്ന വാക്യമോർത്തപ്പോൾ വീണ്ടും നോക്കാതിരിക്കാൻ പോളച്ചനായില്ല. 

പൊന്നാംകുഴിയിലെ മഞ്ഞുമൂടിയ രാത്രികൾക്ക് നെരിപ്പോടിന്റെ ചൂടുപകരുന്ന സിസിലിയപ്പോൾ, പോളച്ചന്റെ കണ്ണുകൾക്കു മുന്നിൽ മാറോളം ഉയർത്തിയുടുത്തിരുന്ന  അടിപാവാട അയച്ച് സോപ്പ് തേക്കുകയും അന്നേരം ഒരുമാത്ര പുറത്തേയ്ക്ക് ചാടിയ അരുമകളിൽ ഒന്നിനെ മുയൽകുഞ്ഞിനെ കൂട്ടിലിടുന്ന ലാഘവത്തോടെ  ഉയർത്തിക്കെട്ടിയ പാവാടയ്ക്ക് ഉള്ളിലാക്കുകയും ചെയ്യുകയായിരുന്നു..

കരിമ്പനച്ചന്റെ ധ്യാനം കൂടി ചീത്തക്കൂട്ടുകെട്ടുകളും കള്ളുകുടിയുമെല്ലാം നിർത്തിയേച്ചും പ്രാർത്ഥനയും അല്ലറചില്ലറ രോഗശാന്തി ശ്രുഷൂഷകളുമൊക്കെയായി കഴിഞ്ഞിരുന്ന പോളച്ചന്റെ തലയ്ക്കുള്ളിൽ അപ്പോൾ, കൃത്യം ഒന്നരവർഷതിനു മുന്നേ അവസാനമായി മാത്തുക്കുട്ടിയുടെ വാറ്റടിച്ചു വഴിയരുകിൽ കിടന്നപ്പോഴത്തെ  പോലെയൊരു മേളപെരുക്കമുണ്ടായി. 

അൽപനേരം തരിച്ചുനിന്ന പോളച്ചൻ വെടികൊണ്ട കാട്ടുപന്നിയെപ്പോലെ വന്നവഴി ഒറ്റ ഓട്ടക്കമായിരുന്നു, വഴിയിലുള്ള കല്ലും മുള്ളും കവലയിലെ കണ്ണുകളേയും  മറന്നുള്ള ആ ഓട്ടം പര്യവസാനിച്ചത് മാത്തുക്കുട്ടിയുടെ വീടിന്റെ ചായ്പ്പിലായിരുന്നു.

ചെന്നവഴി അവൻ അനുവാദം ചോദിക്കാതെ തന്നെ,  ' അവന്റ വഴികൾ ക്ലേശകരവും മുള്ളുകൾ നിറഞ്ഞതുമാണെങ്കിലും അന്തിമമായി സ്വർഗീയ സുഖം പകരുന്നു' എന്ന ചിന്തയോടെ ഒരു കുപ്പിയിൽ നിന്നും വെള്ളം ചേർക്കാത്ത വാറ്റെടുത്ത് വായിലേയ്ക്ക് കമഴ്ത്തി. 

ഒന്നൊന്നര വർഷമായി നല്ല ശമരിയാക്കാരൻ ആയി തന്റെ ചായിപ്പിലേയ്ക്ക് എത്തിനോക്കാതിരുന്ന പോളച്ചൻ താനുണ്ടാക്കിയ സ്വർഗ്ഗീയ പാനീയം  ഒറ്റയടിക്ക് ഇറക്കുന്നത് , കാണാതെ പോയ കുഞ്ഞാടിനെ കണ്ടെത്തിയ ഇടയന്റെ നിർവൃതിയോടെ മാത്തുക്കുട്ടി നോക്കിനിന്നു. 

അനന്തരം അയാൾ തിരിച്ചുവന്ന തോഴനായി കൊഴുത്ത കാളകുട്ടിയുടെ ഇറച്ചിയും കപ്പയും വിളമ്പി, ആകാശവാണി തപ്പുകളും കിന്നരങ്ങളും മീട്ടി.

പോളച്ചനും മാത്തുകുട്ടിയും സഹപാഠികളായിരുന്നു, എട്ടാംക്ലാസ്സ് വരെയുള്ള പത്തുപതിനാല് വർഷത്തെ പഠനത്തോട് കൂടി ആവശ്യത്തിൽ കൂടുതൽ അറിവായെന്ന തിരിച്ചറിവുണ്ടായ മാത്തുക്കുട്ടി, അപ്പന്റെ നാടൻ ഡിസ്റ്റലറിയുടെ അമരക്കാരൻ ആവുകയും പൊന്നാംകുഴിക്കാരുടെ കരളിന്റെയും കൂമ്പിന്റെയും കാവൽക്കാരനും, അവരെ ആനന്ദത്തിൽ ആറാടിക്കുന്നവനുമായി മാറി. 

ആധികം വൈകാതെ മാത്തുക്കുട്ടിയുടെ സ്ഥിരം പറ്റുകാരനായിരുന്ന കുന്നേലെ നൈനാച്ചൻ,  കിളിപോലെയുള്ള ഇളയമകൾ സൂസന്നയെ മാത്തുക്കുട്ടിക്ക് കെട്ടിച്ചുകൊടുത്ത് പറ്റുബുക്കിൽ നിന്നും തന്റെ  പേരുവെട്ടി .

സൂസന്ന  കാട്ടുതേൻ പോലെ മധുരിക്കുന്നവളും കുയിലിനെ പോലെ നാദം പൊഴിക്കുന്നവളുമായിരുന്നു. കിളിപോലത്തെ   പെണ്ണിനെ കിട്ടിയ മാത്തുകുട്ടി ഭാഗ്യവാനെന്ന നാട്ടുവർത്തമാനം, കിളി അയാളുടെതന്നെ  മറ്റൊരു  പറ്റുകാരന്റെ  കൂടെ  പറന്നു പോയതോടെ അവസാനിച്ചു. പിന്നീടങ്ങോട്ട് അയാൾ പഴങ്ങളും നാടൻമരുന്നുകളുമിട്ട്  മുന്തിയതരം വാറ്റുണ്ടാക്കുന്നതിലും  അതിന്റെ വീര്യത്തിലും മാത്രം ആനന്ദം കണ്ടെത്തി. 

പത്താംക്ലാസ് തോറ്റതോടെ കൃഷിപണിയിലേയ്ക്ക് ദൈവവിളിയുണ്ടായ പോളച്ചനും പള്ളിക്കൂടത്തോട് വിടപറഞ്ഞു. അകാലത്തിൽ കർത്താവിൽ നിദ്രപ്രാപിച്ചതിനാൽ മാത്രം, അപ്പന് വിറ്റ് കള്ളുകുടിക്കാൻ സാവകാശം കിട്ടാതിരുന്ന  സ്ഥലത്ത് കൃഷിയാരംഭിക്കുകയും ക്രമേണ മികച്ച കർഷകനാവുകയും നൂറുമേനിയും  ഇരുന്നൂറു മേനിയും വിളവെടുക്കുകയും ചെയ്തു. 

കല്യാണപ്രായമായപ്പോഴേയ്ക്കും പോളച്ചൻ ഉറപ്പുള്ള പാറമേൽ മനോഹരമായ ഭവനം നിർമ്മിച്ചു. ആയതിന്റെ കൃത്യം  പതിനേഴാം നാൾ അവന്റെയമ്മ സാറാമ്മയും  സ്വർഗ്ഗം പുൽകി .   അതോടെ അവൻ  വിവാഹത്തിന് കൂടുതൽ അനുയോജ്യനാവുകയും, അവിടുന്ന് തന്റെ പ്രിയപെട്ടവർക്ക് എല്ലാം സാധ്യമാക്കി   തീർക്കുന്നു എന്ന വാക്യം അന്വർത്ഥമാവുകയും  ചെയ്തു .

പിന്നീട് പോളച്ചന്റെ പകലുകൾ പെണ്ണുകാണലെന്ന നിരന്തര പ്രക്രിയകൊണ്ടു തിരക്കേറിയതായി. അരിയുണ്ടയും  മുറുക്കും തിന്ന് അവന്റെ പല്ലുകൾ ദൃഢമാവുകയും, മലകകൾ കയറിയിറങ്ങി അവന്റെ പിൻകാലുകൾ ബലവത്താവുകയും ചെയ്തു. 

മലനാട്ടിലെ ഒട്ടുമുക്കാലും പെണ്ണുങ്ങൾ , കിഴക്കൻ കാറ്റിൽ അവരുടെ ചുണ്ടുകൾ വിണ്ടുകീറുന്നതിലും, മലനാട്ടിലെ കാലാവസ്ഥയാൽ ചർമ്മത്തിന്റെ മാർദ്ദവവും സ്നിഗ്ധതയും കുറയ്ക്കുന്ന  പ്രതിഭാസത്തെ വെറുക്കുന്നവരും ആയിരുന്നു, അതിനാൽ അവരിൽ ഭൂരിഭാഗത്തിനും മലനാടിന് പുറത്തേയ്ക്ക് പറക്കാനുള്ള കുറുക്കുവഴിയായിരുന്നു കല്യാണം. 

ഇനി അഥവാ പുറത്തേയ്ക്കൊരു കല്യാണം ഒത്തുകിട്ടിയില്ലെങ്കിൽ തന്നെ,  മണ്ണിൽ പണിയുന്നവനോട് തീരെ പ്രതിപത്തി ഇല്ലാതാവുകയും, തന്നെക്കാൾ വിദ്യാഭ്യാസം കുറഞ്ഞവരെ കെട്ടാൻ തയ്യാറുമായിരുന്നില്ല.

ഇക്കാരണങ്ങൾ ഒക്കെകൊണ്ട്  പോളച്ചന്റെ പുതിയവീടിനൊരു പെൺ പാദം പതിയാനുള്ള യോഗം നീണ്ട് നീണ്ടുപോയി. ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞതിനേക്കാൾ വേഗം  മുടിപൊഴിയുകയും നാല്പതാം വയസിലേയ്ക്ക് കാലൂന്നുകയും ചെയ്തപ്പോളാണ് അവന് അരിയുണ്ടയും അരിമുറുക്കും വയറ്റിൽ പിടിക്കാതാവുകയും ഇനി ഇപ്പണിക്കില്ല എന്നുറപ്പിച്ച് കരിമ്പനച്ചന്റെ ധ്യാനം  കൂടി ദൈവവേലക്കാണ് തന്റെ വിളിയെന്ന തിരിച്ചറിവുണ്ടാകുയും ചെയ്തത്. 

അങ്ങനെ ആത്മാവിന്റെ നിറവിൽ സൃഷ്ടാവ് നൽകിയ അനന്ത കാരുണ്യത്തിൽ അനല്പമായ കൃതാർത്ഥതയോടെ നിത്യജീവിതമെന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിച്ചു വരവെയാണ് പോളച്ചൻ  ഉള്ളുലച്ച ആ കാഴ്ച കാണുകയും അവൻ മാത്തുക്കുട്ടിയുടെ അനുഗ്രഹീതമായ കരവിരുതിൽ വിരിഞ്ഞ വീഞ്ഞിൽ അഭയം പ്രാപിക്കുകയും ചെയ്തത്. 

"എന്റെ  ഹൃദയവ്യഥകൾ  ശമിപ്പിക്കണമേ !മനഃക്‌ളേശത്തില്‍നിന്ന്‌ എന്നെമോചിപ്പിക്കണമേ"

പോളച്ചൻ കൈകളുയർത്തി ഉറക്കെ പ്രാർത്ഥിച്ചു. 

അതുവരെ എന്താണ് കാര്യമെന്നറിയാതെ മടങ്ങിവന്ന ധൂർത്തപുത്രനെ നോക്കി മനം നിറഞ്ഞു നിന്നിരുന്ന മാത്തുക്കുട്ടി കൂട്ടുകാരന്റെ കൈകൾ തന്റെ വിലാപിൽ ചേർത്ത് പിടിച്ചു ചോദിച്ചു

"ഡാവ്വേ നിനക്കെന്തൊന്നാ പിണഞ്ഞത്"

"അകാരണമായി  അവര്‍ എനിക്കു വലവിരിച്ചു;കാരണംകൂടാതെ അവര്‍ എന്നെവീഴ്‌ത്താന്‍ കുഴികുഴിച്ചു"

പോളച്ചന്റെ വലിയ വായിൽ വീണ്ടും വിളിച്ചു പറഞ്ഞു.

" ഫാ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ പറ ... "

കൂട്ടുകാരനെ കണ്ട സന്തോഷത്തിൽ ഉള്ളിലൊളിപ്പിച്ചിരുന്ന  വാറ്റുകാരനെ വലിച്ചു പുറത്തിട്ട് മാത്തുക്കുട്ടി മുട്ടനൊരു തെറി വിളിച്ചു.


ഇത്തവണ അക്ഷരാർത്ഥത്തിൽ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടാണ് പോളച്ചൻ പറഞ്ഞത്. 

"മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ലന്ന് കണ്ടല്ലേ പരമകാരുണ്യവാൻ അവന്റെ വാരിയെല്ലൂരി അവന് ഇണയെ സൃഷ്ടിച്ചത്, എന്നിട്ടെന്റെ വാരിയെല്ലെവിടെ എന്റെ ഇണയെവിടെ, അതുംപോരാഞ്ഞ് കൈകൊട്ടിപ്പാട്ടും സ്തുതിപ്പുമായി കഴിഞ്ഞ എന്നെയെന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്"

കാര്യമറിഞ്ഞ മാത്തുക്കുട്ടി പൊട്ടിവന്ന ചിരി ഇനി പോളച്ചന് ഇഷ്ടമായില്ലങ്കിലോ എന്നോർത്ത് കടിച്ചമർത്തി ഇരിക്കുമ്പോളാണ് പോളച്ചൻ അവസാന വാചകം പറഞ്ഞത്. 

" ഡാ മാത്തപ്പാ എനിക്ക് സിസിലിയെ കാണണം, ഇന്നന്റെ കണ്ണുകളിൽ വെളിച്ചംപകരുകയും എന്റെ ഹൃദയവേഗം കൂട്ടുകയും ചെയ്തകാഴ്ച എനിക്ക് നേരിൽ കാണണം, വാരിയെല്ല് കണ്ടെടുക്കാനാവാവാത്ത ഒരു അശരണന്റെ അപേക്ഷ നീ കൈവിടരുത്"

കണ്ണുമിഴിച്ചിരുന്ന മാത്തുക്കുട്ടിക്ക് മുന്നിൽ അയാൾ മുട്ടുകുത്തി കൈകൾ വിരിച്ചുപിടിച്ച് ഉറക്കെ ചോദിച്ചു;

"അടിത്തറ  തകര്‍ന്നാല്‍ നീതിമാന്‍ എന്തുചെയ്യും ?"

സിസിലിയെ പറ്റിയായിരുന്നു മാത്തുക്കുട്ടി ആലോചിച്ചുകൊണ്ടിരുന്നത്. ആളൊരു പാവമാണ്. പൊതുജനക്ഷേമതല്പര. കെട്ടിയവൻ അടിച്ച്  കാലൊടിച്ചിട്ടതാണവളെ, ഇപ്പോഴുമുണ്ട് ഇടംകാലിനൊരു ഞൊണ്ട്.  വിശപ്പ് മാറ്റാനും ചാവാറായി കിടന്ന പെറ്റതള്ളയ്ക്ക് ഒരിത്തിരി കഞ്ഞിവെള്ളം കൊടുക്കാനും ആണവൾ ആദ്യമായി ഉടുമുണ്ടഴിച്ചത്. എങ്കിലും പോളച്ചന്റെ കാര്യം പറഞ്ഞുകൊണ്ട് ചെന്നാലവൾ കുറ്റിചൂലെടുക്കാൻ സാധ്യതയുണ്ട്. 

'നിശാസഞ്ചാരിണിയുടെ സ്വർഗ്ഗത്തിലേക്കുള്ള സഞ്ചാരം ദുഷ്കരമായതിനാൽ  നീ വെളിച്ചത്തിന്റെ പാതയിലേക്ക് വരണമെന്നും അവിടുത്തേക്ക് വിധേയയായി  ജീവിക്കണമെന്നും' ഉപദേശിച്ച് പലതവണ അവളുടെ വീട്ടിൽ ചെന്നിട്ടുള്ളതാണ് പോളച്ചൻ. അപ്പോഴൊക്ക 'കെട്ടിയോൻ കാലുംതല്ലിയൊടിച്ച്  ഈ കൂനാച്ചിയിൽ ഇട്ടിരുന്നപ്പോ ഞാനും കൊറേ സ്തുതിച്ചതാ എന്നിട്ടൊരിത്തിരി കഞ്ഞിവെള്ളം കൊണ്ട് തരാൻ ഒരു നല്ല ശമരിയാക്കാരനെയും   കണ്ടില്ലല്ലോ ' എന്നും പറഞ്ഞവൾ നീട്ടി കാർക്കിച്ചു തുപ്പി അയാളെ ഇറക്കിവിട്ടിട്ടുള്ളത് ഒന്നോരണ്ടോ  തവണയല്ല. 

വള്ളിനിക്കറിട്ടകാലം മുതൽ കൂട്ടായിരുന്നവൻ നന്നാവാൻ തീരുമാനിച്ചപ്പോൾ കൂടെ നിൽക്കാൻ പറ്റിയില്ലേൽ താൻ സ്വർഗ്ഗത്തിന് അവകാശിയാവില്ലെന്നൊരു  ആന്തലുണ്ടായപ്പോൾ മാത്തുക്കുട്ടി പോളച്ചനെ സമാധാനിപ്പിച്ചു. 

'സ്വർഗ്ഗരാജ്യം നീതിമാന് അവകാശപ്പെട്ടതാണ്'

അന്നേയ്ക്ക് മൂന്നാംനാൾ മാത്തുക്കുട്ടി സിസിലിയോട് പേടിച്ച് പേടിച്ച് വിവരം പറഞ്ഞപ്പോൾ പ്രതീക്ഷച്ചതിൽ നിന്നും  വിഭിന്നമായി   അവൾ പൊട്ടിച്ചിരിച്ചു,ചിരിനിർത്താൻ പറ്റാതെ അവൾ പറഞ്ഞു. 

" ദൈവമുണ്ടെടോ മാത്താ, അങ്ങേര് ഉറക്കത്തിൽ നിന്നും ഇടക്കൊക്കെ എണീക്കും  മനുഷ്യനെ ചിരിപ്പിക്കാൻ, ആ ഉപദേശിയെ  നീ കൂട്ടിട്ട് വാ... അവന്റെ ആഗ്രഹമല്ലേ, അവൻ കയ്യടിച്ചു സ്തുതിച്ചിട്ട് കിട്ടാത്ത സന്തോഷം ആഗ്രഹിച്ചല്ലേ, അവൻ വന്നോട്ടെ എനിക്കും ദൈവമാകണം. പക്ഷെ കുറച്ചു ദിവസം കഴിയട്ടെ, പെട്ടെന്നായാൽ സ്വർഗ്ഗത്തിലേക്കുള്ള വഴി ലില്ലിപ്പൂവുകൾ നിറഞ്ഞതും  പനിനീര് തളിച്ചതുമാണെന്ന് അവൻ കരുതും"

പിന്നീടുള്ള ദിനങ്ങൾ പോളച്ചന് സഹനത്തിന്റെയും മനമുരുകിയ കാത്തിരിപ്പിന്റേതുമായിരുന്നു, അങ്ങനെ ഇരുപത്തിയൊന്ന് ദിനരാത്രങ്ങൾ കഴിഞ്ഞുവന്ന പകൽ, ഇന്ന് നീ അവളോടൊപ്പം പറുദീസയിൽ ആയിരിക്കുമെന്ന മംഗളവാർത്ത മാത്തുക്കുട്ടി അറിയിച്ചു. 

'സൂര്യനവന്റെ ആലയത്തിൽ വിശ്രമത്തിനായി പോയി രണ്ടു നാഴികയും മുപ്പത് വിനാഴികയും കഴിയുമ്പോൾ, അവളുടെ നടവാതിൽ അവനായി തുറക്കുകയും അവൾ   കാത്തിരിക്കുകയും ചെയ്യുമെന്ന' സദ്‌വാർത്ത കേട്ട് പോളച്ചന്റെ  ഹൃദയം ആനന്ദപരവശമായി.

'എന്റെ   ഹൃദയാഭിലാഷം അങ്ങുസാധിച്ചു തന്നു ;എന്റെ  യാചന അങ്ങ്‌ നിഷേധിച്ചില്ല' പോളച്ചൻ കണ്ണുകളും കൈകളും ഉയർത്തി നന്ദി പറഞ്ഞു.

കാത്തിരുന്ന സമയമെത്തിയപ്പോൾ പോളച്ചൻ ഇരുട്ടിന്റെ കൂട്ടുപിടിച്ച് , സിസിലിയുടെ വീട്ടിലേയ്ക്കുള്ള , അവളുടെ ശരിക്ക് മടങ്ങാത്ത ഇടംകാലുകൾക്കായി ഉയരംകുറച്ചു കെട്ടിയ നടകല്ലുകൾ  കയറി. ചീവീടുകളുടെ പാട്ടും മഴപുള്ളിന്റെ സംഗീതവും അവനു സ്വാഗതമോതി. 

വാതിൽ തുറന്നു തന്ന സിസിലിയുടെ കണ്ണിൽ പുച്ഛമാണോ പ്രണയമാണോ നിർവികാരതയാണോ എന്നയാൾക്ക് മനസിലായില്ല . 

അവളുടെ നോട്ടം താങ്ങാനാവാതെ അയാൾ  കണ്ണുകൾ താഴ്ത്തി.

'നിന്റെ  തലമുടി ഗിലയാദ്‌മലഞ്ചെരിവുകളിലേക്ക്‌ ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റംപോലെയാണ്‌. എങ്കിലും നീ എന്നില്‍നിന്നു നോട്ടം പിന്‍വലിക്കുക. അത്‌ എന്നെ വിവശനാക്കുന്നു.'

കാത്തിരുന്ന ദിവസങ്ങളേക്കാൾ പതുക്കെയാണ് നിമിഷങ്ങൾ കൊഴിയുന്നതെന്ന് പോളച്ചന് തോന്നി, അപ്പോൾ സിസിലി പിന്തിരിഞ്ഞു അവളുടെ നീളമേറിയ ഉടയാടകൾ  അഴിക്കുകയും  ശേഷം  അയാൾക്ക് നേരെ തിരിഞ്ഞ് അവനെ പ്രണയപുരസരം  കടാക്ഷിക്കുകയും ചെയ്തു. 

"എന്റെ   പ്രിയേ , നീ തിര്‍സാ നഗരംപോലെ മനോഹരിയാണ്‌; ജറുസലെംപോലെ സുന്ദരിയും . കൊടിക്കൂറകളേന്തി വരുന്ന സൈന്യം പോലെ  നീ ഭയരഹിതയുമാണ്" 

ബാബിലോൺ ഗോപുരത്തിലെ തീവ്രപ്രകാശമെന്നവണ്ണം തറച്ചു കയറുന്ന അവളുടെ നോട്ടത്തിൽ, കൂട്ടം തെറ്റിയ കുഞ്ഞാടെന്നപോൽ  പോളച്ചൻ ഇടറി.

സിസിലിയപ്പോൾ ദൈവമായി മാറി, അവൾക്കായി മീറയും കുന്തിരിക്കവും ബലിയർപ്പിച്ചപ്പോൾ പോളച്ചൻ പുരോഹിതനും. 

അതിനൊക്കെ അവസാനം പുറംതോട് പൊട്ടിച്ചു പുറത്തുവന്ന പോൾ കുര്യാക്കോസ് , നടക്കല്ലുകൾ ഇറങ്ങുമ്പോൾ  തിരിഞ്ഞു നിന്ന് അവളോട് ചോദിച്ചു. 

"സിസില്യേ മഴക്കാലം വരാൻ പോവാ അതിനുമുന്നേ ഞാനെന്റെ വീടിന്റെ നടക്കല്ലുകൾ താഴ്ത്തി കെട്ടും.പള്ളിയും പട്ടക്കാരും പോവാൻ പറ.. നിന്നെ ഞാൻ കെട്ടട്ടോ"

സിസിലിയപ്പോൾ ഉറക്കെ ഉറക്കെ ചിരിച്ചു, ചിരിച്ചു ചിരിച്ചവളുടെ കണ്ണുകൾ നിറഞ്ഞു. 


(അവസാനിച്ചു)


Post a Comment

0 Comments