പി.ആർ.സുമേരൻ നടത്തിയ അഭിമുഖം
തീക്ഷ്ണമായ ജീവിതാനുഭവങ്ങളുള്ള നടനാണ് മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകന്‍. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം കഷ്ടപ്പെട്ട് നേടിയെടുത്ത ജീവിതമാണ് അദ്ദേഹത്തിന്‍റേത്. കടന്നുവന്ന വഴികള്‍ പ്രതിസന്ധികളുടേതായിരുന്നു. ദാരിദ്ര്യദു:ഖവും ജീവിതക്ലേശങ്ങളും ഒട്ടേറെ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്.
ജീവിതം ഇപ്പോള്‍ സൗഭാഗ്യങ്ങളുടെ നടുവിലെത്തിയിട്ടും കടന്നുവന്ന വഴികള്‍ അദ്ദേഹം മറക്കുന്നില്ല. "ഒരുപാട് പേരുടെ സഹായം കൊണ്ടാണ് ഞാന്‍ ഇവിടെവരെ എത്തിയത്. എന്നെ സഹായിച്ചിട്ടുള്ള എല്ലാവരെയും എനിക്ക് തിരിച്ച് സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍റെയടുത്ത് ആര് സഹായം ചോദിച്ചുവന്നാലും ഞാന്‍ അവരെ സഹായിക്കും" ഹരിശ്രീ അശോകന്‍ പറയുന്നു.
ഹരിശ്രീ അശോകന്‍ സിനിമയില്‍ വര്‍ഷങ്ങൾ പിന്നിടുമ്പോള്‍ സിനിമ അശോകനെ സൗഭാഗ്യങ്ങളിലേക്ക് എടുത്തുയര്‍ത്തുകയായിരുന്നു. ഒന്നുമില്ലായ്മയില്‍നിന്ന് നേട്ടങ്ങള്‍ ഏറെ കൊയ്തിട്ടും അദ്ദേഹം ഇപ്പോഴും പഴയപോലെ തന്നെ. ഒന്നിലും അമിതമായി സന്തോഷമില്ല. കാക്കനാട് ചെമ്പുമുക്കിലുള്ള തന്‍റെ വീടായ "പഞ്ചാബിഹൗസി"ലിരുന്ന് അശോകന്‍ തന്‍റെ ഹൃദയവികാരങ്ങള്‍ പങ്കിടുന്നു.
കുട്ടിക്കാലത്ത് ഒട്ടേറെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും സന്തോഷത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഉള്ളത് കൊണ്ട് ഓണം പോലെ അതായിരുന്നു ഞങ്ങളുടെ ജീവിതം. അച്ഛനും അമ്മയും ഞങ്ങള്‍ ഒന്‍പത് മക്കളും കൂടി വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്.
എല്ലാം വന്നുചേര്‍ന്നു
ഈ കാണുന്നതെല്ലാം ഈശ്വരന്‍ എനിക്ക് നല്‍കിയതാണ്. ഒന്നും പ്രതീക്ഷിച്ചിട്ടില്ല. എല്ലാം വന്നുചേര്‍ന്നതാണ്. കടന്നുവന്ന വഴി വളരെയേറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. ജീവിതവുമായി മുന്നേറാന്‍ ഒരുപാട് കഷ്ടപ്പെട്ടു. വളരെയേറെ ബുദ്ധിമുട്ടുകളും വേദനകളും ഞാന്‍ സഹിച്ചു. അന്നും മനസ്സില്‍ പ്രതീക്ഷയുണ്ടായിരുന്നു. സത്യസന്ധതയോടെ കഷ്ടപ്പെട്ടാല്‍ എല്ലാം വന്നുചേരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഈ കാണുന്നതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല. എല്ലാ തമാശയ്ക്കും പിന്നില്‍ ഒരു നൊമ്പരമുണ്ടെന്ന് പറയുന്നതുപോലെ എന്‍റെ നേട്ടങ്ങള്‍ക്കു പിന്നിലും വലിയ അദ്ധ്വാനമുണ്ട്. സങ്കടവും ദു:ഖങ്ങളുമുണ്ട്. വളരെയധികം ജീവിത ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
സിനിമ സ്വപ്നം പോലുമായിരുന്നില്ല
സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അന്നന്നത്തെ അന്നത്തിന് തേടിയുള്ള തൊഴിലുമായാണ് ഞാന്‍ നടന്നത്. മനസ്സില്‍ അന്ന് സൂക്ഷിച്ചിരുന്ന കലാവാസനയാണ് സിനിമയിലേക്കും ഇന്നത്തെ ഈ നല്ല ജീവിതത്തിലേക്കും എന്നെ കൊണ്ടുവന്നത്. കഴിഞ്ഞ കാര്യങ്ങളെയോര്‍ത്ത് സങ്കടപ്പെടാറില്ല. അതെല്ലാം കഴിഞ്ഞു. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് കാര്യങ്ങള്‍. എല്ലാം ദൈവം എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതുപോലെയേ വരൂ. അല്പം മിമിക്രിയും നാടക പ്രവര്‍ത്തനവുമായി കൂട്ടുകാരോടൊത്ത് നടന്ന ഒരു കാലം എനിക്കുണ്ട്. അതില്‍നിന്നാണ് ഇവിടം വരെ എത്തിയത്. കൊച്ചിന്‍ നാടകവേദിയില്‍ നിന്ന് കലാഭവനിലേക്കും പിന്നീട് ഹരിശ്രീയിലേക്കും ഞാന്‍ മാറി. അങ്ങനെ കലാരംഗത്തേക്ക് വന്നുതുടങ്ങി. ഹരിശ്രീയിലെ ജീവിതമാണ് എന്നെ കലാരംഗത്തേക്ക് പിടിച്ചുയര്‍ത്തിയത്.
നഗരത്തിലെ ജീവിതം
എറണാകുളം നഗരത്തില്‍ തന്നെയായിരുന്നു എന്‍റെ വീടും. ഹൈക്കോടതി ജംഗ്ഷന് സമീപമുള്ള ബസലിക്ക പള്ളിക്ക് പിന്നില്‍. ചെറിയ വീടായിരുന്നു രണ്ട് മുറികളും ഒരു വരാന്തയുമുള്ള വീട്. അസൗകര്യങ്ങള്‍ ഏറെയുണ്ടായിരുന്നു. ഞങ്ങള്‍ ഒന്‍പത് മക്കളാണ്. പിന്നെ ആ വീടിന് ഒരു പ്രത്യേക ഗുണമുണ്ടായിരുന്നു. ഓട് പൊക്കി കള്ളന്‍ നിലത്തിറങ്ങണമെങ്കില്‍ ഞങ്ങളെ ആരെയെങ്കിലും ചവിട്ടിയേ തീരൂ. കാരണം ഞങ്ങള്‍ ഒന്‍പത് പേരും നിലത്ത് നിരന്നു കിടക്കുകയാണ്. വാതില്‍ പൊളിച്ചുവന്നാലും ഞങ്ങളെ തട്ടാതെ ഒരു പണിയും നടക്കില്ല. പക്ഷേ അതൊക്കെ രസകരമായിരുന്നു. അന്നത്തെ ഒരു കാര്യവും മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. ഇപ്പോഴും എന്‍റെ തറവാട് വീട് അതുതന്നെയാണ്. സഹോദരങ്ങളെല്ലാം വിവാഹം കഴിച്ച് പല വഴിക്ക് മാറി. സാമാന്യം ഭേദപ്പെട്ട ഒരു വീടും അവിടെ പണിതിട്ടുണ്ട്. ആ വീട്ടില്‍നിന്ന് ഞാന്‍ കാക്കനാട് ചെമ്പുമുക്കിലെ ഒരു ഫ്ളാറ്റിലേക്കാണ് താമസം മാറ്റിയത്. കുറേ കാലം അവിടെ താമസിച്ചു.
വീടെന്ന സ്വപ്നം
നല്ലയൊരു വീട് പണിയണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ട്. അത് സാധിച്ചു. അതാണ് ഈ കാണുന്ന എന്‍റെ പഞ്ചാബി ഹൗസ്. എന്‍റെ കരിയറിലെ വളരെയധികം ശ്രദ്ധേയമായ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ആ ചിത്രവും ഞാനുമുണ്ട്. അതുകൊണ്ടുതന്നെയാണ് എന്‍റെ ഈ സ്വപ്ന സൗധത്തിന് പഞ്ചാബി ഹൗസ് എന്ന് പേരിട്ടതും. ഞാനും മക്കളും ഭാര്യയും ചേര്‍ന്നാണ് ഇതിന്‍റെ ഇന്‍റീരിയല്‍ വര്‍ക്കും പ്ലാനുമൊക്കെ സെറ്റ് ചെയ്തത്. എല്ലാം മക്കളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. അവരാണ് എല്ലാം പ്ലാന്‍ ചെയ്തത്. എല്ലാ സൗകര്യവുമുള്ള ഈ വീട് എന്‍റെ ജീവിതത്തിലെ വലിയ നേട്ടം തന്നെയാണ്.
മിത്രങ്ങളെ ചേര്‍ത്തുപിടിച്ചു
എന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഞാന്‍ എന്‍റെ വീട്ടുകാരെയും സഹോദരങ്ങളെയും ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. എന്‍റെ കൂടപ്പിറപ്പുകളാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. അവരെ വിട്ടിട്ടുള്ള ഒരു ജീവിതം എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ഞാന്‍ അവര്‍ക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്. വീട്ടുകാരുടെ ഓരോ കാര്യവും ഞാന്‍ ശ്രദ്ധിക്കുകയും പരിഹരിക്കുകയും ചെയ്യാറുണ്ട്. ഈ കാണുന്നതൊന്നും എന്‍റെ നേട്ടങ്ങളായി ഞാന്‍ കരുതുന്നില്ല. എല്ലാം ഈശ്വരന്‍ നല്‍കിയതാണ്. അതുകൊണ്ടുതന്നെ ഒട്ടും അഹങ്കാരമില്ല. ജീവിതത്തില്‍ എന്തെങ്കിലും മെച്ചമുണ്ടായാല്‍ അതെല്ലാം മറക്കുന്നവരാണ് പലരും. പഴയതെല്ലാം ബോധപൂര്‍വ്വം മറക്കും. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കും. പക്ഷേ എനിക്കതിനാവില്ല. ഇപ്പോഴും എനിക്ക് കഴിയുന്ന രീതിയില്‍ ഞാന്‍ പലരെയും സഹായിക്കാറുണ്ട്. പക്ഷേ ആ വിവരം ആരോടും പറയാറില്ല. പത്രങ്ങളിലും ചാനലുകളിലും കൊട്ടിഘോഷിക്കാറുമില്ല. ഒരുപക്ഷേ ഞാന്‍ സഹായിക്കുന്നവര്‍ അത് അര്‍ഹിക്കുന്നവരായിരിക്കില്ല. അവര്‍ നമ്മളെ പറ്റിക്കുകയായിരിക്കാം. പക്ഷേ ഞാന്‍ അതൊന്നും നോക്കാറില്ല. എന്‍റെ കൈയ്യില്‍ എന്തുണ്ടോ അത് ഞാന്‍ അവര്‍ക്ക് കൊടുക്കും. അച്ഛന്‍റെ സുഹൃത്തുക്കള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സ്ക്കൂളിലെ ഫീസ് കൊടുത്തും ആഹാരം വാങ്ങിച്ചുതന്നുമൊക്കെ സഹായിച്ചിട്ടുണ്ട്. പക്ഷേ അവരെയൊന്നും എനിക്ക് തിരിച്ച് സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ പഴയ ഓര്‍മ്മകള്‍ മനസ്സിലുള്ളതുകൊണ്ട് എന്നെത്തേടി വരുന്നവരെ ഞാന്‍ നിരാശപ്പെടുത്തി വിടാറില്ല.
വിശപ്പിന്‍റെ വിലയറിയാം
വലിയ സഹായം തേടിവരുന്നവരെക്കുറിച്ച് മാത്രമേ ഞാന്‍ കൂടുതലായി അന്വേഷിക്കാറുള്ളൂ. അന്വേഷിച്ച് അവര്‍ സഹായം അര്‍ഹിക്കുന്നവരാണെന്ന് കണ്ടുകഴിഞ്ഞാല്‍ ഞാന്‍ തീര്‍ച്ചയായും സഹായിക്കും. കാരണം എനിക്ക് വിശപ്പറിയാം. എല്ലാ ദു:ഖങ്ങളും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. വിശന്നുവരുന്നവനെ കണ്ടാല്‍ ഞാന്‍ തിരിച്ചറിയും. പഴയ കാര്യങ്ങള്‍ ഒരുപാട് തവണ പറഞ്ഞതാണ്. ഇനിയും അത് പറഞ്ഞ് ബോറടിപ്പിക്കാന്‍ താല്പര്യമില്ല. ഞാന്‍ പറയുന്നത് ആരെയെങ്കിലും നമുക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍ സഹായിക്കണം. അങ്ങനെ ഒരു മനസ്സുണ്ടാകുന്നത് നല്ലതാണ്. സഹായിക്കാനുള്ള മനോഭാവം അതിനെയാണ് ഞാന്‍ ഈശ്വരനായി കാണുന്നത്.











0 Comments