Image Background (True/False)


ദൈവീകമായ ജോലിയാണ് പോലീസിൻ്റേത്... അബു സലീമുമായി പി.ആർ.സുമേരൻ നടത്തിയ അഭിമുഖ൦.

 


അബു സലീമുമായി പി.ആർ.സുമേരൻ നടത്തിയ അഭിമുഖ൦. 

റുപത്തേഴാം വയസ്സിൽ അബു സലിം നായകനാകുന്നു.... 'അർനോൾഡ് ശിവശങ്കരൻ' എന്ന എ.കെ.സാജൻ  ചിത്രത്തിലാണ് നായകനായി അബുവിൻ്റെ അരങ്ങേറ്റം. അബു സലിം  തൻ്റെ പോലീസ് അനുഭവങ്ങൾ പങ്കിടുന്നു.. അബുസലീം. ആ പേര് കേട്ടാലും ആളെ കണ്ടാലും മുട്ടിടിക്കാത്ത സിനിമാപ്രേമികളുണ്ടാവില്ല. സിക്സ് പാക്ക്മസിൽമാനെ സ്ക്രീനിൽ കണ്ട് ഭയന്നിരുന്നവർ ഏറെ. അടിയ്ക്ക് അടി, കൊലയ്ക്ക് കൊല... വാടകഗുണ്ടയും തെമ്മാടിയും, വില്ലൻ പൊലീസും. അങ്ങനെ മൊത്തത്തിൽ ഒരു പോക്കിരി.


സിനിമയിൽ ക്രൂരതയുടെ പല മുഖങ്ങൾ പകർന്നാടിയ 'നടൻ"സത്യത്തിൽ അങ്ങനൊക്കെ തന്നെ ആയിരിക്കുമോ? ആർക്കും തോന്നാവുന്ന സംശയം. ഇതാ അത്തരം സംശയങ്ങൾക്കെല്ലാമുള്ള ഉത്തരവുമായ് നമ്മുടെ സ്വന്തം ‘അർണോൾഡ് ഷ്വാർസ്നെഗർ’ അബു സലിം. ജീവിതത്തിൽ സ്വപ്നം കാണാത്തവർ ആരെങ്കിലും ഉണ്ടാകുമോ? എനിക്കും ഉണ്ടായിരുന്നു രണ്ട് സ്വപ്നങ്ങൾ. ഒന്ന് സിനിമ. രണ്ട് പൊലീസ് ഉദ്ദ്യോഗം. ദൈവം അറിഞ്ഞ് അനുഗ്രഹിച്ചതിനാലാവാം രണ്ട് സ്വപ്നങ്ങളും എന്റെ കൈക്കുള്ളിലെത്തി.

പൊലീസുകാരനായ സിനിമാക്കാരനാണ് ഞാനെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. സിനിമാരംഗത്തേക്കും കാക്കിയിലേക്കും എന്നെ പിടിച്ചുയർത്തിയത് ദാ ഈ മസിലുകൾ തന്നെ.  തിരിഞ്ഞുനോക്കുമ്പോൾ മായാത്ത പല ഓർമകളും ഉണ്ട്. പണ്ട്   വേലയും കൂലിയുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണ് കല്പറ്റയിൽ ഒരു സിനിമാ ഷൂട്ടിംഗ് സംഘമെത്തിയത്. വാർത്ത കേട്ടയുടൻ സൈക്കിളുമെടുത്ത് പാ‌‌ഞ്ഞു. പൊരിഞ്ഞ വെയിലത്ത് കല്പറ്റ മുഴുവൻ കറങ്ങിയെങ്കിലും സിനിമാക്കാരുടെ ഒരു പൊടിപോലും കണ്ടില്ല.

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.എനിക്ക് വാശി. രണ്ടാം ദിവസവും ഷൂട്ടിംഗ് സ്ഥലം തപ്പിയിറങ്ങി. ആ പോയപോക്കിൽ ഒരു നടനായാണ് വീട്ടിൽ തിരിച്ചെത്തിയത്. എം.പി. വീരേന്ദ്രകുമാറിന്റെ വീട്ടിലായിരുന്നു സിനിമാ ഷൂട്ടിംഗ്. അവിടെ ചെന്നപ്പോൾ ഞാൻ ആരാധിച്ചിരുന്ന സുകുമാരൻ,  ജനാർദ്ദനൻ, പപ്പു അങ്ങനെ പലരും ഇരിക്കുന്നു. കവിയൂർ പൊന്നമ്മയുടെ ഭർത്താവ് മണി സാർ സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു അത്. അദ്ദേഹമാണ് എനിക്ക് ആദ്യവേഷം ഓഫർ ചെയ്തത്. ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച അതേ വേഷമാണ് ചിത്രത്തിൽ എനിക്ക് ലഭിച്ചത്. അതെനിക്ക് ഇരട്ടി സന്തോഷം നൽകി.

സിനിമയിൽ വില്ലനായാണ് അരങ്ങേറ്റം. അടിയന്തിരാവസ്ഥകാലത്ത് കൊലചെയ്യപ്പെട്ട രാജന്റെ കഥയായിരുന്നു സിനിമ. അതിൽ രാജനെ ഉരുട്ടിക്കൊല്ലുന്ന ഒരു പൊലീസുകാരനായിട്ടാണ് ഞാൻ അഭിനയിച്ചത്. അധികം വൈകാതെ രണ്ടാംസ്വപ്നവും സഫലമായി .അങ്ങനെ 1977 -ൽ എം.എസ്. പിയിൽ കോൺസ്റ്റബിളായി കയറി. മലപ്പുറം പാണ്ടിക്കാട് വച്ചായിരുന്നു ട്രെയിനിംഗ്. ആ സമയത്ത്കോഴിക്കോട് ഐ. വി ശശിയുടെ ഒരു സിനിമ ഷൂട്ടിംഗ് നടക്കുകയാണ്.മനസ് വല്ലാതെ പിടഞ്ഞു. പക്ഷേ ട്രെയിനിംഗ് കഴിയാതെ പോകാൻ പറ്റില്ല. എങ്കിലും മനസിലെ സിനിമാ പ്രണയം കെടാതെ കാത്തുസൂക്ഷിച്ചു. ആദ്യ പോസ്റ്റിംഗ് തലശ്ശേരിയിലായിരുന്നു.

മാറാട് കലാപമുണ്ടായ സമയത്ത് ഞാൻ കൊയിലാണ്ടിയിൽ എസ്.ഐ ആണ്. കോഴിക്കോട് ജില്ലയിലെ മിക്കയിടത്തും സംഘർഷമായിരുന്നു.ഒരുദിവസം ഉച്ചസമയത്ത് പട്രോളിംഗിനായി തീരദേശത്തിലൂടെ പൊലീസ് ജീപ്പിൽ പോക്കുകയാണ്. റോഡിൽ ഒരുപറ്റം ചെറുപ്പക്കാർ കൂട്ടംകൂടി നിൽക്കുന്നു. പൊലീസ് ജീപ്പ് അവർ സംഘടിതമായി തടഞ്ഞു. എന്താണ് സംഭവമെന്നറിയാതെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാർ ആദ്യമൊന്ന് ഭയന്നു. പൊലീസിന്റെ കർക്കശ സ്വരത്തിൽ ഞാൻ ചെറുപ്പക്കാരോട് ചോദിച്ചു -' എന്താടാ ... എന്താ ഇവിടെ പ്രശ്‌നം'. 'സർ , പ്രശ്‌നമൊന്നുമില്ല. ഞങ്ങൾ സാറിനെ കാണാൻ നിന്നതാ. സാറ് എന്തുചെയ്താലും പ്രശ്‌നമല്ല. ഞങ്ങൾക്ക് സാറിനെ ഒന്ന് തൊടണം...' കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു.

പൊലീസുകാർക്ക് ആദ്യമൊന്നും മനസിലായില്ല. ഞാൻ ജീപ്പിന് പുറത്തിറങ്ങി. ചെറുപ്പക്കാർക്ക് സന്തോഷം. എല്ലാവരും എനിക്ക് കൈ തന്നു. പിന്നീട് കുശലന്വേഷണമായി.... സിനിമാവിശേഷമായി... ഭക്ഷണം കഴിച്ചോന്നായി.... അവരവരുടെ വീടുകളിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കലായി.... പിന്നീട്. പലപ്പോഴും ഞാൻ പറയുന്നത് ആൾക്കൂട്ടം അനുസരിക്കുമായിരുന്നു. ആരോടും അധികം ബലപ്രയോഗം വേണ്ടി വന്നിട്ടില്ല. അത് നമ്മുടെ അബു സലീമല്ലേ എന്നാണ് അവർ പറയാറ്. അഭിനയത്തിന് വേണ്ടി ഞാൻ ഡ്യൂട്ടിയിൽ ഒരു കൃത്യവിലോപവും കാണിച്ചിട്ടില്ല. എല്ലാ ലീവും അഭിനയത്തിനുവേണ്ടി മാറ്റി വെക്കുമായിരുന്നു.33 വർഷം പൊലീസ് സേനയുടെ ഭാഗമായി പ്രവർത്തിച്ചു. സബ് ഇൻസ്‌പെക്ടർ റാങ്കിലാണ് വിരമിച്ചത്. കാക്കിക്കുള്ളിലെ ജീവിതം ഏറെ ആസ്വദിച്ചയാളാണ് ഞാൻ. ദൈവീകമായ ജോലിയാണ് പൊലീസിന്റേത്. ശമ്പളത്തിനുവേണ്ടി മാത്രമല്ല ഞാൻ ജോലി ചെയ്തത്.

അത്രയ്ക്ക് ക്രേസ് ആയിരുന്നു കാക്കിയോട്. ഒരു തരത്തിലുള്ള അഴിമതിക്കും കൂട്ട് നിന്നിട്ടില്ല. രാഷ്ട്രീയക്കാരുടെ ഇഷ്ടമനുസരിച്ചാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് ആരോപണമുണ്ട്. പക്ഷേ അങ്ങനെയൊരു ചായ്‌വും ഇല്ലാത്ത എത്രയോ പൊലീസുകാരുണ്ട്. ട്രാഫിക്കിലായിരുന്ന സമയത്ത് പിഴയടാക്കാൻ വരുന്ന പലരും എന്നെ കണ്ടാൽ ഹാപ്പിയാകും. പിഴയടച്ചാലെന്താ സാറിന്റെ ഒപ്പ് കിട്ടിയല്ലോ എന്ന് പറഞ്ഞവരുണ്ട്. എന്നിലെ നടനോടുള്ള ആദരവല്ലേ അവർ ആ കാണിക്കുന്നത്. പൊലീസ് ജീവിതത്തിലെമറക്കാനാവാത്ത ഒരു അനുഭവം സിനിമയായിട്ടുണ്ട്.

പാക് പൗരത്വമുള്ള ഇബ്രാഹിമിന്റെ കഥ. കോഴിക്കോട് ഇടച്ചേരിക്കാരനാണ് ഇബ്രാഹിം. ഇബ്രാഹിമിനെ വാഗയിലെത്തിക്കാൻ എന്നെയാണ് നിയോഗിച്ചത്. കൂടെ രണ്ട് കോൺസ്റ്റബിൾമാരും. ട്രെയിനിലായിരുന്നു യാത്ര. എന്നാൽ മതിയായ രേഖകൾ ഇല്ലാതിരുന്നതിനാൽ അതിർത്തി വരെ പോയി മടങ്ങേണ്ടി വന്നു. ആ സംഭവം ചാനലുകളിൽ കണ്ടപ്പോഴാണ് പലരും ഞാൻ പൊലീസാണെന്നറിയുന്നത്. ഇബ്രാഹമിന്റെ കഥ ഞാൻ ലാലേട്ടനോട് പറഞ്ഞിരുന്നു. പിന്നീട് പരദേശി എന്ന സിനിമ ഉണ്ടായത് ആ കഥാതന്തുവിൽ നിന്നാണ്.

Post a Comment

0 Comments