പി.ആർ.സുമേരൻ
മുത്തുമണിയോ? ആരേലും പെൺപിള്ളേർക്കിടുന്ന പേരാണോയിത്? എന്റെ പേരിനെപ്പറ്റി ആളുകൾ ഇങ്ങനെ പല കമന്റുകളും പറയാറുണ്ട്. സിനിമയിലെത്തിയതോടെ എന്റെ പേരു മാത്രമല്ല ശബ്ദവും നോട്ടപ്പുള്ളിയായി. ഇതെന്താദ് ആണുങ്ങളുടെ ശബ്ദം!...സത്യമാ എന്റെ ശബ്ദത്തിന് അല്പം പ്രത്യേകതയുണ്ട്. പണ്ട് അച്ഛന് ഫോൺ വരുമ്പോൾ ഞാനാണ് അറ്റന്റ് ചെയ്യുന്നതെങ്കിൽ അവർ അച്ഛനാണെന്ന് കരുതി സംസാരിക്കാറുണ്ട്.
എന്തായാലും ഈ ശബ്ദം തന്നെയാണ് എന്നെ ഇവിടെവരെ എത്തിച്ചത്. എന്റെ ഈ വെറൈറ്റി പേര് കേട്ടാൽ ആരും എന്നെ ഒന്ന് ശ്രദ്ധിക്കില്ലേ...? ദതാണ്...അതിന്റെയൊരു ടെക്നിക്. നിങ്ങളെന്നെ ആദ്യമായി കണ്ടത് രസതന്ത്രത്തിലല്ലേ? അത് തന്നെയാണ് എന്റെ ആദ്യസിനിമ.ആ സൗഭാഗ്യം എങ്ങനെ എന്നെത്തേടിയെത്തിയെന്നറിയണ്ടേ.? എറണാകുളത്ത് നിയമസർവകലാശാലയിൽ (നുവാൾസ്) എൽ എൽ.ബിക്ക് പഠിക്കുന്ന കാലം.അന്ന് മനസിൽ സിനിമാ സ്വപ്നമൊന്നുമില്ല. കലാപരിപാടികൾക്കൊക്കെ മുന്നിലുണ്ടെങ്കിലും പഠനത്തിന് തന്നെയായിരുന്നു ആദ്യ പരിഗണന.
അക്കാലത്ത് ഞാൻ അഭിനയിച്ച ഒരു നാടകം കണ്ടിട്ടാണ് സത്യൻ അന്തിക്കാട് സാർ രസതന്ത്രത്തിലേക്ക് വിളിച്ചത്. അതോടെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരം എന്നെ തേടിയെത്തി. എനിക്കല്പം അഭിനയ പാരമ്പര്യമൊക്കെയുണ്ട് . കോളേജിൽ പഠിക്കുന്ന കാലത്ത് ധാരാളം തിയേറ്റർ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. മലയാളത്തിന് പുറമെ മറ്റുഭാഷകളിലുളള നാടകങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്.കൊച്ചിയിലെ ചന്ദ്രദാസൻ സാറിന്റെ 'ലോകധർമ്മി'യുടെ ഒരുപാട് നാടകങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
ലോകധർമ്മിയിൽ എന്റെയൊപ്പം നാടകത്തിലുണ്ടായിരുന്നയാളാണ് വിനയ് ഫോർട്ട്. ഞങ്ങളെല്ലാവരും കൂടി ഡൽഹിയിലും ഹൈദരാബാദിലുമൊക്കെ നാടകം കളിക്കാൻ പോയിട്ടുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നാടകത്തിൽ ആദ്യം അഭിനയിക്കുന്നത്. എറണാകുളം സെന്റ് മേരീസിലാണ് ഞാൻ പഠിച്ചിരുന്നത്. അവിടുത്തെ എന്റെ അദ്ധ്യാപകരാണ് നാടകത്തിലേക്ക് വരാൻ പ്രേരിപ്പിച്ചത്. പിന്നെ പിന്നെ സ്കൂൾ യൂത്ത്ഫെസ്റ്റിവലുകളിൽ എന്റെ നാടകം പതിവായി. അച്ഛനും അമ്മയും എല്ലാ കാര്യങ്ങളിലും എനിക്കൊപ്പം നിന്നു. അദ്ധ്യാപകരായിരുന്നു രണ്ടുപേരും . അച്ഛൻ സോമസുന്ദരം നല്ലയൊരു കലാസ്വാദകനും നാടകപ്രേമിയുമായിരുന്നു. അച്ഛന് എറണാകുളത്ത് സയൻസ് അക്കാഡമി എന്നൊരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടായിരുന്നു. അമ്മയും അതുപോലെ തന്നെ നാടകങ്ങളോടും കലാരംഗത്തോടും താത്പര്യമുള്ളയാളാണ്.
അമ്മ കുട്ടികളുടെ നാടകങ്ങൾ ധാരാളം എഴുതിയിട്ടുണ്ട്. ചില നാടകങ്ങൾ വിവർത്തനവും ചെയ്തിട്ടുണ്ട്. വീട്ടിൽ അച്ഛനും അമ്മയും സുഹൃത്തുക്കളും എപ്പോഴും നാടകത്തെക്കുറിച്ച് ചർച്ചയും സംവാദവും നട നാടകരചനയിലും ഇപ്പോഴും സജീവമാണ്. നിങ്ങൾക്കറിയാമോ സിനിമയല്ലാതെ മറ്റൊരു തൊഴിലുകൂടിയുണ്ട് എന്റെ കൈവശം. അല്ലെങ്കിലും സിനിമ മാത്രം എന്നൊരു ചിന്ത പണ്ട് തൊട്ടേ എനിക്കില്ല. സാമൂഹ്യകാര്യങ്ങളോട് ഇടപെട്ട് നിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. എൽഎൽ.ബി പൂർത്തിയാക്കി എൻട്രോൾമെന്റ് ചെയ്തതല്ലാതെ പ്രാക്ടീസ് ഇതുവരെ തുടങ്ങിയിട്ടില്ല. താത്പര്യമില്ലാഞ്ഞിട്ടല്ല. ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ജോലിയും അതുതന്നെയാണ്.
പക്ഷേ നിയമപഠനം പൂർത്തിയായ ഉടനെ ഒരു സ്വകാര്യബാങ്കിൽ കേരളത്തിന്റെ ചുമതല വഹിക്കുന്ന ജോലിയിൽ ചേർന്നു.അഞ്ച് വർഷം അവിടെ ജോലിചെയ്തു.അക്കാലത്താണ് സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിന്നത്.ജോലി ചെയ്യുമ്പോൾ സിനിമയിലും മററും അഭിനയിക്കുന്നതിന് വിലക്കുണ്ടായിരുന്നു.അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. പിന്നീട് ആ ജോലി ഉപേക്ഷിച്ചു. എപ്പോഴും നല്ല സിനിമയുടെ ഭാഗമായിരിക്കാനാണ് എനിക്കിഷ്ടം. വെക്കേഷൻ കാലത്ത് 'പ്രേരണ' എന്ന പേരിൽ ഞാൻ ഒരു ട്രെയ്‌നിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്.വിദ്യാർത്ഥികളുടെയും മറ്റും വ്യക്തിത്വവികസനം ലക്ഷ്യമിട്ടാണ് പ്രേരണ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾക്കു പുറമെ യുവതി യുവാക്കൾക്കും പ്രത്യേക ക്ലാസ്സുണ്ട്.വിവിധ മേഖലകളിൽ പ്രശസ്തരായവരെ പങ്കാളികളാക്കിക്കൊണ്ടാണ് പ്രോഗ്രാമുകൾ നടത്തുന്നത്.എറണാകുളം കേന്ദ്രീകരിച്ചുളള പ്രേരണയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരികയാണ്.സ്കൂളുകൾ കേന്ദ്രീകരിച്ചാണ് കൂടുതലും പരിപാടി നടത്തുന്നത്. ട്രെയ്‌നിംഗ് ക്ലാസുകളോട് എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് പ്രേരണ തുടങ്ങിയത്. കേരളത്തിൽ എവിടെയാണെങ്കിലും സ്കൂൾ കുട്ടികൾക്ക് ട്രെയ്‌നിംഗ് നൽകാൻ ഞാൻ തയ്യാറാണ്.









0 Comments