Image Background (True/False)


'കല്ല്യാണി'യെ ഞാൻ എങ്ങനെ മറക്കും?മലയാളികളുടെ പ്രിയതാരം ശിവദ ചോദിക്കുന്നു.പി.ആർ.സുമേരൻ നടത്തിയ അഭിമുഖ൦.

 


പി.ആർ.സുമേരൻ. 

വിവാഹശേഷം സിനിമയില്‍നിന്ന് വിട്ട് പോകുന്ന താരങ്ങളോട് നടി ശിവദയ്ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. സു.... സു..... സുധി വാത്മികം കണ്ടവര്‍ക്കാര്‍ക്കും കല്ല്യാണിയെ അത്രവേഗം മറക്കാന്‍ കഴിയില്ല. പിന്നീട് ജയസൂര്യയുടെ തന്നെ ഇടിയില്‍ ആക്ഷന്‍ റോളില്‍ വന്ന നിത്യയെ.......... സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ അറുപതാം വയസ്സില്‍ വിരമിക്കുന്നവരല്ല താരങ്ങള്‍. അങ്ങനെയൊരു കാര്യം അവരുടെ കരിയറില്‍ ഒരിക്കലുമില്ല. എപ്പോള്‍ വിരമിക്കണമെന്ന് താരങ്ങളാണ് തീരുമാനിക്കേണ്ടത്. ഒരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നിയാല്‍ മാത്രം എടുക്കുക. അല്ലെങ്കില്‍ ഇതേ താളത്തില്‍ മുന്നോട്ട് പോകുക.


ഞാന്‍ അങ്ങനെയാണ്. നമ്മുടെ പല നടിമാരും വിവാഹശേഷം സിനിമയില്‍നിന്ന് പിന്‍വാങ്ങി. അതിന് പലരും പറയുന്നത് വിവാഹശേഷം ഞങ്ങള്‍ക്ക് ഒരു ബ്രേക്ക് വേണം. എന്തിനാണ് അങ്ങനെയൊരു ബ്രേക്ക്. ഞാന്‍ വിവാഹത്തിനു മുന്‍പ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും ഒരു മാറ്റവുമില്ല. നാളെയും അങ്ങനെ തന്നെ. കല്ല്യാണത്തിനു മുമ്പ് എന്‍റെ അച്ഛനും അമ്മയുമായിരുന്നു സിനിമയില്‍ എനിക്ക് സപ്പോര്‍ട്ട്. ഇപ്പോള്‍ അവരുടെ കൂടെ മുരളിയുണ്ട് (നടന്‍ മുരളീകൃഷ്ണ) കൂടാതെ മുരളിയുടെ അച്ഛനും അമ്മയും. അങ്ങനെ സപ്പോര്‍ട്ട് കല്ല്യാണശേഷം കൂടിയിരിക്കുകയാണ്.

ഇന്നേവരെ ഒരു തരത്തിലുള്ള നിബന്ധനയും വീട്ടില്‍നിന്ന് ഉണ്ടായിട്ടില്ല. മുരളിയാണെങ്കില്‍ മുഴുവന്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ട്. കല്ല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഞാന്‍ ഷൂട്ടിന് പോയി. ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു വിവാഹം. ഒരാഴ്ചത്തെ ലീവ് പോലും എടുത്തില്ല. അല്ലെങ്കിലും സിനിമയില്‍ എവിടുന്ന് ലീവ് കിട്ടാനാ? മധുവിധു ആഘോഷം പോലും നടത്താതെ എന്തിന് ഒരു യാത്രപോലും പോകാതെയാണ് സിനിമയില്‍ ജോയിന്‍ ചെയ്തത്. എനിക്ക് ചെറിയ ടെന്‍ഷനും പേടിയുമൊക്കെ ഉണ്ടായിരുന്നു.

മുരളി എന്തു വിചാരിക്കും? പക്ഷേ വളരെ സന്തോഷത്തോടെ മുരളി എന്നെ യാത്രയാക്കി വിട്ടു. വീട്ടുകാരും വളരെ ഹാപ്പി മൂഡിലായിരുന്നു. സത്യത്തില്‍ എനിക്ക് സിനിമയിലേക്ക് വരാന്‍ കഴിഞ്ഞതുതന്നെ മുരളിയുടെ സപ്പോര്‍ട്ടാണ്. ഞാനും മുരളിയും സഹപാഠികളായിരുന്നു. നല്ല സുഹൃത്തുക്കളും. സൗഹൃദമാണ് പ്രണയമായി മാറിയത്. കല്ല്യാണം ശരിക്കും പ്രണയവിവാഹമായിരുന്നില്ല. വീട്ടുകാരുടെ സപ്പോര്‍ട്ടോടെയായിരുന്നു.

മുരളിയാണ് എന്നെ സിനിമയിലേക്ക് തള്ളിവിട്ടത്. ചാനലുകളില്‍ ആങ്കറായി വര്‍ക്ക് ചെയ്യുമ്പോഴും സിനിമ ചെയ്യാന്‍ മുരളി നിര്‍ബന്ധിക്കുമായിരുന്നു. എന്‍റെ അമ്മയും നല്ല സപ്പോര്‍ട്ടായിരുന്നു. സിനിമയില്‍ അവസരം കിട്ടിയാല്‍ തട്ടിക്കളയരുത്. പോയി ചെയ്ത് നോക്കണം. കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി അതായിരുന്നു മുരളി പറയുന്നത്. അങ്ങനെ മുരളിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഫാസില്‍ സാറിന്‍റെ ലിംവിംഗ് ടുഗദറില്‍ ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ഫാസില്‍ സാര്‍ വളരെ സപ്പോര്‍ട്ടായിരുന്നു. കാര്യമായി എനിക്ക് അഭിനയം അറിയില്ലായിരുന്നെങ്കിലും അദ്ദേഹം എല്ലാം പറഞ്ഞുതരമായിരുന്നു. ലിവിംഗ് ടുഗദറായിരുന്നു എന്‍റെ ആദ്യ ചിത്രം.

അതിനു മുമ്പ് ലാല്‍ജോസ് സാറിന്‍റെ കേരളാ കഫേയില്‍ പുറം കാഴ്ചകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതില്‍ ഒന്നുരണ്ട് സെക്കന്‍റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ വളരെ യാദൃശ്ചികമായാണ് സിനിമയുടെ വഴിയിലേക്ക് വരുന്നത്. അപ്പോഴെല്ലാം കൂടെ താങ്ങും തണലുമായി മുരളിയുണ്ട്. സിനിമയുടെ സെലക്ഷനില്‍ മുരളി ഇടപെടാറില്ല. എന്‍റെ എല്ലാം എന്‍റെ ഇഷ്ടത്തിന് വിടും. റിലീസ് ചെയ്ത് സിനിമ കണ്ടുകഴിഞ്ഞാല്‍ മാത്രമേ മുരളി എന്തെങ്കിലും അഭിപ്രായം പറയൂ. നല്ലയൊരു വിമര്‍ശകനാണ് പക്ഷേ ഞാന്‍ പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പായിട്ട് അതിന്‍റെ ടീമിനെക്കുറിച്ച് മുരളിയോട് ചോദിക്കാറുണ്ട്.

കാരണം മുരളിക്ക് എന്നെക്കാളും സിനിമയില്‍ നല്ല ബന്ധമുണ്ട്. എല്ലായാളുകളുമായി നല്ല സൗഹൃദമാണ്. നിനക്ക് താല്പര്യമുണ്ടെങ്കില്‍ അഭിനയിക്കുക. അതിന് ആരുടെയും അഭിപ്രായം ചോദിക്കേണ്ടതില്ല. അതാണ് എപ്പോഴും മുരളി പറയുന്നത്. മലയാളത്തിലെക്കാളും കൂടുതല്‍ തമിഴ് സിനിമകളിലാണ് എനിക്ക് അവസരം കിട്ടിയിട്ടുള്ളത്. ഇപ്പോഴും തമിഴില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. ശിവദ പറയുന്നു. ചുരുക്കം ചില മലയാള ചിത്രങ്ങളിൽ ഗംഭീര അഭിനയം പകർന്നാടിയ താരമാണ് ശിവദ. ഇപ്പോൾ താരം സിനിമയിൽ സജീവമാണ്.

Post a Comment

0 Comments