Image Background (True/False)


കോളേജ് പ്രൊഫസറുടെ വേഷത്തില്‍ ബിജുമേനോൻ; 'ഗരുഡൻ' ലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

 


മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന 'ഗരുഡൻ' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ബിജു മേനോനൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകൻ.

ബിജു മേനോന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. മിഥുൻ മാനുവല്‍ തോമസിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ കേരള ആംഡ് പൊലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപി എത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്.

ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു ലീഗല്‍ പ്രശ്നത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ലീഗല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന “ഗരുഡൻ” കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. വൻ താരനിരയും വലിയ മുതല്‍ മുടക്കമുള്ള ചിത്രത്തില്‍ സിദ്ദിഖ്, ദിലീഷ് പോത്തൻ,ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുൻ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ,സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

Post a Comment

0 Comments