Image Background (True/False)


മമ്മൂട്ടിയുടെ സ്വന്തം അയൽവാസി.

 


പി.ആർ.സുമേരൻ

ചെമ്പുകാർക്ക് ഇന്ത്യൻ സിനിമയിൽ ഒരു മെഗാ സ്റ്റാറെയുള്ളു.അത് അവരുടെ സ്വന്തം മമ്മൂക്കയാണ്.മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടി ജനിച്ച സ്ഥലം.ചെമ്പിനെ ലോകം അറിഞ്ഞത്  തന്നെ ആ മഹാനടനിലൂടെയാണ്. ഇപ്പോൾ അവർക്ക് പറയാൻ ഒരാൾ കൂടിയുണ്ട്.ചെമ്പിൽ അശോകൻ. മമ്മൂട്ടിയുടെ അയൽവാസിയാണ് അശോകൻ.


ചെമ്പിൽ ജംഗ്ഷനിൽനിന്ന്  അല്പം കൂടി മുന്നോട്ട്‌പോകുമ്പോൾ മുറിഞ്ഞപുഴ പാലത്തിനടുത്ത് കാണുന്ന ചെമ്പിൽ അരയന്റോഡിന് സമീപമാണ് അശോകന്റെ വീട്. വീട്ടിലേക്ക് വഴി ആയിട്ടില്ല. പുതിയ വഴി വെട്ടാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതേയുള്ളൂ. മെയിന്റോഡിൽനിന്ന് നാല് മിനിട്ട് നടന്നാൽ അശോകന്റെ വീട്ടിലെത്താം.ഷൂട്ടിംഗില്ലാത്ത ദിവസം അശോകൻ രാവിലെ വീട്ടിൽ തന്നെ കാണും.ഒരു തനി കൃഷിക്കാരന്റെ റോളിൽ.അന്ന് രാവിലെ പിടിപ്പത് പണിയുണ്ടായിരുന്നു.ബ്ളോക്കിൽ നിന്ന് വാങ്ങിയ വാഴക്കന്ന് നടുന്നതിന്റെ തിരക്കിലാണ് അശോകൻ.''ഇതാണ് എന്റെ ആരോഗ്യരഹസ്യം "" അശോകൻ നാടൻ ശൈലിയിൽ പറഞ്ഞു തുടങ്ങി.'' മണ്ണ് ഒരിക്കലും ചതിക്കില്ല.

അദ്ധ്വാനിക്കുന്നതിന്റെ ഫലം തരും.ഒരു കട്ടനുമടിച്ച് പറമ്പിലേക്ക് ഇറങ്ങിക്കഴിഞ്ഞാൻ സമയം പോകുന്നത് അറിയില്ല.നല്ല മഴയല്ലേ ഇപ്പോൾ.ഒന്ന് തടമിട്ട് കൊടുത്താൻ മതി.കയറി കിളിത്തോളും "".അധികം വൈകാതെ അശോകൻ കൃഷിയിടത്തിൽ നിന്ന് കയറി.കുളി കഴിഞ്ഞ പ്രഭാത ഭക്ഷണത്തിനായി ഇരുന്നു.ആവി പറക്കുന്ന പുട്ടിലോട്ട്  കടല കറിയൊഴിച്ചു.'' ഇപ്പോൾ പറോട്ടയുടെ കാലമല്ലോ.എന്നാൽ പുട്ടിന്റെയും കടല കറിയുടെയും കൊമ്പിനേഷനെ വെല്ലാൻ ആർക്കും കഴിയില്ല.പക്ഷേ പുതുതലമുറയ്ക്ക് പറഞ്ഞാൻ മനസിലാകേണ്ടേ?"".ഒരു ചോദ്യമിട്ട ശേഷം അശോകൻ പുറത്തേക്കിറങ്ങി.''ഭാര്യ ഗിരിജ  തയ്യൽകട നടത്തുകയാണ് അവൾ ജോലിക്ക്‌പോയി.

മക്കളും പുറത്തുപോയിരിക്കുകയാണ്. ഒറ്റയ്ക്ക് വീട്ടിലിരുന്നാൽ ബോറടിക്കും.അതു കൊണ്ട് ഷൂട്ടിംഗില്ലാത്ത ദിവസം പത്ത് പത്തരയാകുമ്പോൾ ഞാൻ ഉൗരുചുറ്റാൻ ഇറങ്ങും.ചെമ്പിൽ ഞാൻ സിനിമ നടനല്ല.അതുകൊണ്ട് ഒരു പ്രശ്നവുമില്ല"".അശോകന്റെ വീടിനടുത്താണ് മമ്മൂട്ടിയുടെ കുടുംബവീട്.കൈ ചൂണ്ടി അശോകൻ ആ സ്ഥലം കാട്ടി തന്നു. ''ആ വീടുമായി കുട്ടിക്കാലം മുതലേ എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. മമ്മൂക്കയുടെ അനിയൻമാരും എന്റെ അടുത്ത കൂട്ടുകാരായിരുന്നു. ഞങ്ങൾ ഒരുമിച്ച് കളിക്കുകയും കായലിൽ നീന്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. മമ്മൂക്ക ഞങ്ങളെക്കാൾ മുതിർന്നയാളായതുകൊണ്ട് എന്റെയൊന്നും കൂടെ വന്നിട്ടില്ല. അദ്ദേഹത്തിന് കുട്ടിക്കാലം മുതലേ സിനിമയോട് വലിയ ഇഷ്ടമായിരുന്നു.

നാട്ടിൽ എവിടെ ഷൂട്ടിംഗ് ഉണ്ടെങ്കിലും അവിടെ ഓടിയെത്തും. ഷൂട്ടിംഗ് കണ്ട് മടങ്ങിയെത്തിയാൽ സിനിമയിലെ പോലെ വീട്ടിലും അഭിനയിച്ച് കാണിക്കും. വടക്കൻ പാട്ട്  സിനിമകൾ കണ്ടിട്ട് മമ്മൂക്ക പണ്ട് വീട്ടിൽ വന്ന് ഓല മടലുവെട്ടി വാളുണ്ടാക്കി കൂട്ടുകാരുമായി വാൾപ്പയറ്റ് നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.  ഞാൻ നാടകം കളിച്ച് നടക്കുപ്പോൾ ഒരിക്കൽ മമ്മൂക്ക എന്നോട് പറഞ്ഞു ' എടാ നീ നാടകമൊക്കെ നിർത്ത്. നീയും സിനിമയിൽ കൂടിക്കോ'.  സിനിമയിലേക്ക് എനിക്ക് വരാൻ കഴിഞ്ഞതിൽ മമ്മൂക്കയ്ക്കും നല്ല പങ്കുണ്ട്"" താരം പറഞ്ഞു.

Post a Comment

0 Comments