Image Background (True/False)


സ്വന്തം രാഷ്ടീയം തുറന്ന് പറഞ്ഞ്, അനുശ്രീ.പി.ആർ.സുമേരൻ നടത്തിയ അഭിമുഖ൦.

 


നിർഭയത്തോടെ സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന താരമാണ് മലയാളികളുടെ സ്വന്തം അനുശ്രീ.... സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സമീപകാലത്ത് ജനശ്രദ്ധ പിടിച്ച് പറ്റിയ നടി അനുശ്രീയുടെ സിനിമാ ജീവിതത്തിലുടെ ഒരു അനുയാത്ര.

പി.ആർ.സുമേരൻ. 

അരുണേട്ടാ ഐ മിസ് യൂ...എന്ന് ഒരു അന്തവും കുന്തവുമില്ലാതെ ലാല്‍ജോസിന്‍റെ 'ഡയമണ്ട് നെക്ലേസി'ലൂടെ വിളിച്ചുപറയുന്ന കലാമണ്ഡലം രാജശ്രീയില്‍നിന്ന് അനുശ്രീ ഇന്ന് ഒരുപാട് വളര്‍ന്നു. പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിലെ മുന്‍നിരനായകന്മാര്‍ക്കൊപ്പം അനുശ്രീ ഒട്ടേറെ സിനിമകള്‍ ചെയ്തു. പലതും ഹിറ്റും സൂപ്പര്‍ഹിറ്റുമായി. 


ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ, മഹേഷിന്‍റെ പ്രതികാരം, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലെല്ലാം അനുശ്രീ ശ്രദ്ധേയമായി. താരം പറയുന്നു.... കുറേ സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ നാടായ കേരളമാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാന്‍ കഴിയുന്ന സ്ഥലം കേരളം തന്നെയാണ്.  കേരളത്തില്‍ ജനിച്ചതില്‍ എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട്.

മലയാളിയായതില്‍ ചെറിയൊരു അഹങ്കാരവുമുണ്ട്. സോഷ്യല്‍ മീഡിയ ഇന്ന് പലര്‍ക്കും മറ്റുള്ളവരെ ആക്രമിക്കാനുള്ള വഴിയായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് ഒരു ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. കൃത്യമായി അത് ഫോളോ ചെയ്യുമായിരുന്നു. പക്ഷേ അധികം വൈകാതെ ഞാന്‍ തന്നെ അത് നിര്‍ത്തി. വേറൊന്നും കൊണ്ടല്ല. ഫെയ്സ്ബുക്ക് തുടങ്ങിയതോടെ എത്രയോ ആളുകളാണ് മോശം കമന്‍റുമായി വരുന്നത്.

പത്ത് കമന്‍റ് വന്നാല്‍ അതില്‍ ഏഴെണ്ണവും ചീത്തവിളിക്കുന്നതായിരിക്കും. അത് തറ കമന്‍റ് ഉപയോഗിക്കാനും ആര്‍ക്കും ഒരു ചമ്മലും ഇല്ല.  ഈ അടുത്തകാലത്ത് ഞാന്‍ വീണ്ടും ഒരു ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജ് സ്റ്റാര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. പക്ഷേ നമ്മുടെ ആളുകള്‍ അതിനും മോശം വശങ്ങള്‍ കണ്ടെത്താനാണ് താല്പര്യം. ഞാന്‍ തനി നാട്ടിന്‍പുറത്തുകാരിയാണ്. പത്താനാപുരത്തെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ്. എനിക്ക് ഒരിക്കലും ഇത്തരം പൊങ്ങച്ചങ്ങളോട് ഒട്ടും താല്പര്യമില്ല. സിനിമയില്‍പോലും എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ. ഷൂട്ടിങ്ങിനായി വീട് വിട്ട് പോയാല്‍ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിയാലേ എനിക്ക് സമാധാനമുള്ളൂ.

നാട്ടില്‍ കറങ്ങി നടക്കും. വീട്ടിലുള്ളപ്പോള്‍ വീട്ടിലെ എല്ലാക്കാര്യവും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. പിന്നെ സമയം കിട്ടുമ്പോള്‍ നാട്ടിലെ സുഹൃത്തുക്കളെ കാണാന്‍ പോകും. സിനിമാക്കാരിയാണെന്ന ഒരു ജാഡയും എനിക്കില്ല. സ്ക്കൂട്ടറില്‍ മാര്‍ക്കറ്റില്‍ പോകുകയും വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്യും. ചെറുപ്പം മുതലേ എന്നെ കണ്ട് പരിചയമുള്ളതുകൊണ്ട് ആര്‍ക്കും ഇതില്‍ ഒരു പുതുമയുമില്ല. പരിചയക്കാര്‍ ചിരിക്കുകയും വിഷ് ചെയ്യുകയും ചെയ്യും. തനി നാട്ടിന്‍പുറത്തുകാരിയായി ഇങ്ങനെ ചുറ്റിയടിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.

പൊതുവെ ചലച്ചിത്ര താരങ്ങള്‍ക്ക് കിട്ടാത്ത ഒരു ഭാഗ്യം കൂടിയാണിത്. എന്‍റെ കരിയറിലെ വലിയ നേട്ടമായിരുന്നു. ലാലേട്ടനെയും പ്രിയന്‍സാറിനെയും എനിക്ക് അടുത്ത് കാണാന്‍ പറ്റുമോ എന്മ്പോലും ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ സിനിമ ആസ്വദിച്ചിട്ടുള്ളത് ലാലേട്ടന്‍റെയും പ്രിയന്‍സാറിന്‍റെയും സിനിമകള്‍ കണ്ടായിരുന്നു. കാരണം അതില്‍ ഒരുപാട് തമാശയുണ്ടാകും. എന്തായാലും ലാലേട്ടന്‍റെ കൂടെ ഒപ്പത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

റെഡ് വൈന്‍ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ലാലേട്ടന്‍റെ കൂടെ അഭിനയിക്കുന്നത്. അതില്‍ ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നു. പക്ഷേ ഒപ്പത്തില്‍ നല്ല വേഷം കിട്ടി. കരിയറില്‍ വിലിയ മുതല്‍ക്കൂട്ടാണത്. ഞാന്‍ അങ്ങനെ ഓടിനടന്ന് സിനിമയില്‍ അഭിനയിക്കാറില്ല. തിരക്കഥ പൂര്‍ണ്ണമായിട്ടും വാങ്ങിച്ച് വായിക്കാറുണ്ട്.

എനിക്ക് ഇഷ്ടപ്പെട്ട് നന്നായിട്ട് ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസം തോന്നിയാലേ അഭിനയിക്കാറുള്ളൂ. നല്ല സിനിമയുടെ ഭാഗമാകുക കൂടുതല്‍ സിനിമയില്‍ അഭിനയിച്ച് കൂടുതല്‍ കാശുണ്ടാക്കണമെന്നും ആഗ്രഹമില്ല. നല്ല സിനിമയുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങള്‍ ചെയ്യുക അതാണ് ആഗ്രഹം.





Post a Comment

0 Comments