? ഇടുക്കിയിലെ ഒരു സാധാരണ ഗ്രാമത്തിൽ ചെറിയ സ്കൂൾ നാടകങ്ങളും തെരുവ് നാടകങ്ങളും ചെയ്തുകൊണ്ടിരുന്ന അംബി, അംബി നീനാസം ആയതിനു പിന്നിലെ കഥകൾ എങ്ങനെയാണ്.
* ആദ്യകാലങ്ങളിൽ സ്കൂൾ നാടകങ്ങളും ചെറിയ തെരുവ് നാടകങ്ങളും ചെയ്തിരുന്ന സമയത്ത് ഇടുക്കിയിലെ ദര്ശന എന്ന സംഘത്തിൽ ഒഴിവ് ദിവസത്തെ കളി എന്ന നാടകം ചെയ്തു. അവിടുന്ന് തിരുവനന്തപുരം അഭിനയയിലേക്ക്. അവിടെയാണ് നാടകപഠനം ആരംഭിക്കുന്നത്. അഭിനയയിലൂടെ ആണ് ഇന്ത്യയിലെ പ്രധാന നാടകോത്സവങ്ങളിലേക്ക് പോകുന്നത്. പിന്നീട് ഇന്ത്യയിലെ തന്നെ പ്രധാന നാടക പഠന സ്കൂൾ ആയ കർണ്ണാടകയിലെ നീനാസത്തില് എത്തി. നീനാസം ആണ് ജീവിതത്തിലെ നാഴികക്കല്ല് ആയി മാറുന്നത്. അങ്ങനെ ആണ് അംബി, അംബി നീനാസം ആകുന്നത്. എന്നെ മനസിലാക്കി ഓരോ ഇടങ്ങളിലേക്കും എന്നെ പറഞ്ഞുവിട്ട ഒരുപാട് മനുഷ്യർ ഉണ്ട്. പക്ഷെ ഓരോ പേരും പറയുന്നില്ല. എല്ലാവരും മനസ്സിൽ ഉണ്ട്. പറയുമ്പോൾ ഒരു പേര് എങ്കിലും വിട്ടു പോയാൽ അത് വലിയ വിഷമം ആകും.
? അവിടെ നിന്നും സിനിമയിലേക്ക്. പതിനെട്ടാം പടി ആയിരുന്നില്ലേ ആദ്യ സിനിമ.
* അല്ലല്ല, അതിനു മുൻപ് ഒരു പടത്തിൽ ചെറിയ ഒരു രംഗത്തിൽ വന്നിട്ടുണ്ട്. എല്ലാവരും ജൂനിയർ ആർട്ടിസ്റ്റുകൾ എന്നൊക്കെ വിളിക്കും. പക്ഷെ ഞാൻ ഒരിക്കലൂം അങ്ങനെ പറയാൻ ആഗ്രഹിക്കാത്ത ആളാണ്. സിനിമയുടെ ഒരു ഫ്രെമിൽ വരുന്നവർ പോലും ആർട്ടിസ്റ്റുകൾ ആണ്. പുറത്തൊക്കെ നോക്കിയാൽ ഒരു പാസിംഗ് ഷോട്ടിൽ പോലും ഓഡിഷൻ നടത്തി ആളുകളെ എടുക്കുന്നത് കാണാൻ സാധിക്കും. നമ്മുടെ ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റം ഇല്ല. ഈ ആർട്ടിസ്റ്റുകൾ ദിവസക്കൂലിക്കാർ മാത്രം ആയിട്ടാണ് കാണുന്നത്. അങ്ങനെ അല്ല, അവരും ആക്ടര്സ് എന്ന ലേബലിൽ തന്നെ അറിയപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ മരംകൊത്തി എന്നൊരു പടത്തിൽ ഒരു ഫ്രെമിൽ ഞാനും ഉണ്ടായിരുന്നു. അതിനു ശേഷം സനൽ കുമാർ ശശിധരന്റെ ഒരു സിനിമയിൽ പൂർണ്ണ നഗ്നനായി ഒരു വേഷം ചെയ്തു. ഇന്ത്യയിൽ നടന്ന ഒരു വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സിനിമ ആയിരുന്നു. തിയേറ്റർ ആണ് എന്നെ ഞാൻ ആക്കിയത് എന്ന് ഇപ്പഴും വിശ്വസിക്കുന്നുണ്ട് ഞാൻ.
? എങ്ങനെ ആണ് പതിനെട്ടാംപടിയിലേക്ക് എത്തുന്നത്.
* നേരത്തെ പറഞ്ഞ സനൽ കുമാർ ശശിധരന്റെ സിനിമയ്ക്ക് ശേഷം ആണ് സിനിമയിലേക്ക് എത്തുന്നത്. എനിക്ക് വേണ്ടി നിരന്തരം ആളുകളോട് സംസാരിക്കുന്ന വ്യക്തികൾ ഉണ്ടായിരുന്നു. അദ്ദേഹം സിനിമയിൽ ആർട്ടിലേക്ക് എന്നെ റെക്കമെന്റ് ചെയ്യുകയായിരുന്നു. അങ്ങനെ ആർട്ടിൽ എത്തുന്നു., അവിടെ നിന്നാണ് പതിനെട്ടാംപടി ഓഡിഷനെ പറ്റി അറിയുന്നത്. അതിലേക്ക് അയക്കാൻ എനിക്ക് എപ്പഴും പ്രോത്സാഹനം തരുന്ന ആളുകൾ ആവശ്യപ്പെടുകയും ചെയ്യുന്നത്. ആ സമയങ്ങളിൽ ഒക്കെയും സിനിമ ഒരു ഉപജീവന മാർഗ്ഗം ആയി എടുക്കാൻ തീരുമാനിച്ചിരുന്നു. അങ്ങനെ ഓഡിഷൻ അയച്ചു, അവർ എന്നോട് തിരുവനന്തപുരം എത്താൻ ആവശ്യപ്പെട്ടു. അവിടെ ചെന്ന് ഓഡിഷൻ ഫോം ഒക്കെ പൂരിപ്പിച്ചു കൊടുത്ത് ഞാൻ അവിടുന്ന് പോയി. ഒരുപാട് ഓഡിഷൻ ഒക്കെ പോയാൽ അല്ലെ കേറാൻ പറ്റു, പക്ഷെ കുറച്ചു കഴിഞ്ഞപ്പോ അവിടുന്ന് വിളിച്ചു. നീ എവിടെയാണ് ഓഡിഷൻ ഉണ്ട് എന്ന് പറഞ്ഞു. വൈകുന്നേരം ആയപ്പോൾ സംവിധായകൻ ശങ്കർ സർ ഓഡിഷൻ നടത്തി. ഒരുപാട് സമയം എടുത്ത് നടത്തിയ ഒരു ഓഡിഷൻ ആയിരുന്നു. അവിടെ പൂർണ്ണമായും എന്നെ മനസിലാക്കിയത് കൊണ്ട് ആകണം അതുപോലെ ഒരു കഥാപാത്രം എന്നെ വിശ്വസിച്ചു ഏൽപ്പിച്ചത്.
? ആറ്റുകാൽ സുര, അതായിരുന്നല്ലോ വേഷം. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ആണ്. ഒരേ സമയം 17 വയസ്സിന്റെ തിളപ്പ് ഉള്ള ഒരു ചെറുപ്പക്കാരൻ. അതെ സമയം സ്ത്രീ വേഷങ്ങൾ വേദിയിൽ അവതരിപ്പിക്കുന്ന സ്ത്രൈണത ഉള്ളൊരു കഥാപാത്രം. എങ്ങനെ ആണ് ആ കഥാപാത്രാവിഷ്‌ക്കാരം നടത്തിയത്.
* ഒരുപാട് ചലഞ്ചിങ് ആയൊരു കഥാപാത്രം തന്നെ ആയിരുന്നു. എന്നോട് ശങ്കർ സർ ഒരു നരേഷൻ പറഞ്ഞു തന്നു. അങ്ങനെ ഞാൻ ഒരു സുഹൃത്തിനൊപ്പം കൊറ്റംകുളങ്ങര ചമയവിളക്ക് കാണാൻ പോയി. അവിടെ കണ്ട ഒരുപാട് മനുഷ്യരെ മനസിലാക്കി അവരെ ചേർത്താണ് ആറ്റുകാൽ സുര എന്ന കഥാപാത്രത്തെ ഞാൻ ആവിഷ്ക്കരിച്ചത്.
? അതിനു ശേഷം പത്മ , അനൂപ് മേനോന്റെ കൂടെ ആയിരുന്നില്ലേ.* അതിനു ശേഷം റിലീസ് ആയ സിനിമ പത്മ ആണ്. ഇടയിൽ വേറെയും സിനിമകൾ ചെയ്തു. പക്ഷെ പലതും പൂർത്തിയായില്ല.
? ആറ്റുകാൽ സുരയിൽ നിന്നും പത്മയിലെ അബുവിലേക്കുള്ള യാത്ര എങ്ങനെ ആയിരുന്നു.
* അനൂപ് മേനോൻ സർ ആണ് വിളിക്കുന്നത്. വളരെ ചുരുക്കം പേരെ മാത്രം ഉൾക്കൊള്ളിച്ച ഒരു സിനിമ ആയിരുന്നു. ഒരേ സമയം അഭിനയവും സഹസംവിധായകൻ എന്നീ രണ്ട ചുമതലകൾ ആണ് എന്നെ ഏൽപ്പിച്ചത്. അദ്ദേഹത്തിന്റെ ഒരു സ്കൂളിംഗ് അങ്ങനെ ആണ്. ചുരുക്കം ആളുകൾ മാത്രം ഉള്ള ടീം, ഒരാൾക്ക് പല ചുമതലകൾ, അങ്ങനെ. പിന്നീട് കാപ്പയിൽ ഒരു വേഷം ചെയ്തു. ആദ്യം ഡിസ്‌കസ് ചെയ്തപ്പോ ഉള്ള ഒരു കഥാപാത്രം ആയിരുന്നില്ല പിന്നീട് വന്നത്. അതികം ശ്രദ്ധിക്കപ്പെട്ടില്ല. അത് ആരുടേയും കുറ്റം അല്ല. സിനിമ അങ്ങനെ ആണെന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. എല്ലായിടത്ത് നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അഭിനയത്തിൽ ആയാലും സിനിമയിലെ മറ്റേത് ഭാഗത്ത് പ്രവർത്തിക്കാൻ ആയാലും. അങ്ങനെ പഠിച്ചുകൊണ്ട് ഇരിക്കാൻ ആണ് ഇഷ്ട്ടം. പിന്നീട് ലവ്ഫുള്ളി വേദയിൽ ഒരു വെഷമം ചെയ്തു.
? വീണ്ടും ആളുകൾ ഏറ്റെടുക്കാൻ പോകുന്ന, അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന ഒരു വേഷം ആയിരിക്കുമോ റാണിയിൽ.
* അല്ല അങ്ങനെ അല്ല, എല്ലാ വേഷവും മനോഹരം ആക്കാൻ തന്നെ ആണ് ശ്രദ്ധിക്കാറുള്ളത്. ഓരോ കഥാപാത്രവും വ്യത്യസ്തം ആക്കാൻ നിരന്തരം ശ്രമിക്കാറുണ്ട്. അത് ഒരു ചെറിയ നടത്തം ആണെങ്കിൽ പോലും. വ്യത്യസ്തത ആണ് എപ്പഴും ആളുകൾ ശ്രദ്ധിക്കുന്നത്.
? വീണ്ടും ശങ്കർ സർ വിളിച്ചപ്പോൾ എന്ത് തോന്നി. പ്രതീക്ഷിച്ചിരുന്നോ ഇങ്ങനെ ഒരു വേഷം.
* അദ്ദേഹവുമായി പതിനെട്ടാംപടിക്ക് ശേഷം നിരന്തരം കോൺടാക്ട് സൂക്ഷിച്ച ആളാണ് ഞാൻ. എനിക്ക് ഒരു സഹോദരതുല്യൻ ആണ്. സർ എന്ന് വിളിച്ചത്തിലും കൂടുതൽ ഏട്ടാ എന്ന് തന്നെയാകും വിളിച്ചിട്ടുണ്ടാവുക. മാനസികമായി ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരു മനുഷ്യൻ ആണ്. റാണിയിൽ തന്നെ അവസാന നിമിഷം ആണ് എന്ന് വിളിക്കുന്നത്. ഒരു അഞ്ചു ദിവസം മാറ്റി വെക്കു എന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളു. പിന്നീട് കഥാപാത്രത്തെ പറ്റി പറഞ്ഞു. അഭിനയത്തിന് പുറമെ വേറെയും മേഖലകളികൾ റാണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ചമയം, സംഘടനം അങ്ങനെ. ഇങ്ങനെ കിട്ടുന്ന ഈ അവസരങ്ങൾ ഒക്കെയും എനിക്ക് ഒരു ലേർണിംഗ്പ്രോസസ്സ് ആണ്.
? എന്താണ് റാണിയെ പറ്റിയുള്ള പ്രതീക്ഷകൾ.
* നമ്മൾ ചെയ്യാൻ ഉള്ളത് ചെയ്തു കഴിഞ്ഞല്ലോ. ബാക്കി പ്രേക്ഷകർ ആണല്ലോ. അവരാണ് എല്ലാം എന്നാണു വിശ്വസിക്കുന്നത്.
? നാടകം ആണോ സിനിമ ആണോ ഏറ്റവും കംഫർട്ട് ആയ ഇടം.
* എന്നെ സംബന്ധിച്ച്രണ്ടും രണ്ടാണ്. രണ്ടിന്റെയും പ്രോസസ്സ് തന്നെ വേറെ അല്ലെ. നാടകം ഓരോ വേദികൾ കഴിയുമ്പോളും നമുക്ക് മാറ്റങ്ങൾ വരുത്തുവാനും മെച്ചപ്പെടുത്താനും അവസരമുണ്ട്. പക്ഷെ സിനിമയ്ക്ക് അതല്ലല്ലോ. ഒരിക്കൽ ഷൂട്ട് ചെയ്ത് വെച്ചുകഴിഞ്ഞാൽ കഴിഞ്ഞു. സിനിമ ആ നിമിഷം ചരിത്രം ആവുന്നതാണ്. നാടകം ഓരോ നിമിഷവും ചരിത്രം ആയിക്കൊണ്ടിരിക്കുന്നതാണ്. സിനിമയിൽ നടൻ എന്നത് സംവിധായകന്റെ ടൂൾ ആണ് പൂർണ്ണമായും. നാടകത്തിൽ രണ്ടുപേരും ടൂൾ ആണ്.
? ഒരുപാട് സ്ട്രഗിൾ ചെയ്ത് കേറി വന്ന ആളാണ് അംബി. ഇപ്പഴും ഒരുപാട് പേര് ഇതിനുവേണ്ടി ശ്രമിക്കുന്നുണ്ട്. അവരോട് എന്താണ് പറയാൻ ഉള്ളത്.
* ഞാൻ ഒരിക്കലും സാറ്റിസ്‌ഫൈഡ് ആവില്ല. ഓരോ തവണയും മികച്ചതാക്കാൻ ശ്രമിക്കുന്ന ഒരാൾ ആണ്. പിന്നെ സ്ട്രഗിൾ എല്ലാ മേഖലയിലും ഉണ്ട്. അത് ഏത് ജോലിയിൽ ആയാലും. ഒരാളാൽ സ്നേഹിക്കപ്പെടുന്നതിൽ പോലും ഉണ്ടല്ലോ ഈ പറയുന്ന സ്ട്രഗിൾ. സർവൈവൽ ആണ് പ്രധാനം. ഒരു നടൻ ആയി വരണം എന്നുണ്ടെങ്കിൽ അതിന്റെ കൂടെ വരുന്ന സ്ട്രഗിൾ, ഡിപ്രഷൻ ഒക്കെ മനസിലാക്കണം. ലക്ഷങ്ങളും കൊടികളും പ്രതിഫലം വാങ്ങുന്ന നടന്മാർ പോലും സ്ട്രഗിൾ ചെയ്യുന്നുണ്ടല്ലോ. ഈ വർക്കിനെക്കാൾ മികച്ചത് ആകണം അടുത്ത വർക്ക് എന്നുള്ള ഒരു സ്ട്രഗിൾ അവർക്കുമുണ്ട്. ശ്രമിച്ചുകൊണ്ട് ഇരിക്കുക. പലപ്പോഴും തോന്നും തോറ്റുകൊടുക്കാൻ. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ പാഷൻ എന്നുള്ള ഒരു സാധനം നമ്മെ തിരിച്ചു കൊണ്ട് വരും.
- നന്ദി അംബി, റാണി മികച്ച വിജയം ആവട്ടെ. കഥാപാത്രം ആളുകൾ ഏറ്റെടുക്കട്ടെ, ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ.







.jpeg)

.jpeg)

0 Comments