Image Background (True/False)


നിഗൂഢത ജനിപ്പിക്കുന്ന 'ഫീനിക്സ്' ഫസ്റ്റ് ലുക്ക്

 



മിഥുൻ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ഫീനിക്സിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. നിഗൂഢത ജനിപ്പിക്കുന്ന രീതിയില്‍ ആണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. അജു വര്‍ഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കുടുംബത്തോടൊപ്പം അവരറിയാതെ മറ്റൊരു അദൃശ്യ ശക്തി കൂടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആകാം ചിത്രം എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സാധാ പോസ്റ്റര്‍ എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റര്‍ തലതിരിച്ച്‌ നോക്കുമ്ബോഴാണ് സസ്പെൻസ് തെളിയുന്നത്. വിഷ്ണു ഭരതൻ ആണ് ചിത്രത്തിന്റെ സംവിധാനം. 21 ഗ്രാംസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ.എൻ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഫീനിക്‌സ്'. 'അഞ്ചാം പാതിരാ'എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ തിരക്കഥ എഴുതുന്നു എന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലും ആവേശത്തിലുമാണ് പ്രേക്ഷകര്‍. 


ഹൊറര്‍ ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസും ആണ്. പ്രൊഡക്ഷൻ ഡിസൈനര്‍ -ഷാജി നടുവില്‍, എഡിറ്റര്‍ -നിതീഷ് കെ. ടി. ആര്‍, കഥ -വിഷ്ണു ഭരതൻ, ബിഗില്‍ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷിനോജ് ഓടാണ്ടിയില്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ -കിഷോര്‍ പുറക്കാട്ടിരി, ഗാനരചന -വിനായക് ശശികുമാര്‍, മേക്കപ്പ് -റോണെക്സ് സേവ്യര്‍, കൊസ്റ്റ്യൂം -ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് -രാഹുല്‍ ആര്‍ ശര്‍മ്മ, പി.ആര്‍.ഓ -മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് -റിച്ചാര്‍ഡ് ആന്റണി, മാര്‍ക്കറ്റിങ് -ഒബ്സ്ക്യുറ, പരസ്യകല -യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അതേസമയം, സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും മിഥുൻ മാനുവല്‍ തോമസ് ആണ്. അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം. 11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.



Post a Comment

0 Comments