സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്യും. കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടുള്ള ചിത്രമായിരിക്കും പാപ്പച്ചൻ ഒളിവിലാണ്. പോത്ത് പാപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്. സൈജു കുറുപ്പിന്റെ അച്ഛന്റെ വേഷം ചെയ്യുന്നത് വിജയരാഘവൻ ആണ്. മാത്തച്ചൻ എന്നാണ് വിജയരാഘവന്റെ കഥാപാത്രത്തിന്റെ പേര്. ദര്‍ശന, ശ്രിന്ദ എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നുണ്ട്. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ചിത്രത്തില്‍ സൈജു കുറുപ്പ് എത്തുന്നത്. ക്രൈസ്തവ സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന സിനിമയാണിത്. പാപ്പച്ചന്‍റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. 'പൂക്കാലം' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം. ബി.കെ.ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചൻ ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ.



0 Comments