സിനിമ മേഖലയിലേക്ക് കാലെടുത്ത് വയ്ക്കുന്ന യുവ നായികമാര്‍ക്ക് ഒരു ഉപദേശം നല്‍കുകയാണ് കാജോള്‍. മറ്റുള്ളവരുടെ പ്രേരണകള്‍ക്ക് വഴങ്ങി ഒരിക്കലും പ്ലാസ്റ്റിക് സര്‍ജറി ചെയ്യരുതെന്നാണ് കാജോള്‍ പറയുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്യാനാരുങ്ങുന്ന 'ട്രെയല്‍' സീരീസിലാണ് കാജോള്‍ അടുത്തതായി എത്തുക.
സൂം എന്റര്‍ടെയിൻമെന്റിനു നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കാജോള്‍. "നിങ്ങളെ ദൈവം ഒരു പ്രത്യേക രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. അത് പക്ഷെ നിങ്ങള്‍ക്ക് വേണ്ടുന്ന രീതിയിലായിരിക്കില്ല. അതിനായാണല്ലോ മേക്കപ്പുള്ളത്," എന്നാണ് യുവ നായികമാര്‍ക്കുള്ള ഉപദേശം എന്ന രീതിയില്‍ കാജോള്‍ പറഞ്ഞത്.
മേക്കപ്പ് ചെയ്യണോ അതോ സര്‍ജറിയോ എന്നത് അഭിനേതാവിന്റെ തീരുമാനമായിരിക്കണമെന്നും അതൊരിക്കലും നിര്‍ബന്ധത്തിന് പുറത്താകരുതെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു. "വളരെ വ്യക്തിപരമായ തീരുമാനമാണത്. 25 ആളുകള്‍ നിങ്ങളോട് പറഞ്ഞെന്ന കാരണത്താല്‍ ഒരിക്കലും അത് തിരഞ്ഞെടുക്കരുത്. "
"എന്നെ കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നവരേക്കാള്‍ വളരെ ബുദ്ധിമതിയായ വ്യക്തിയാണ് ഞാനെന്ന് വിചാരിച്ചിരുന്നു. പലരും വ്യത്യസ്തമായ രീതിയിലാണ് നമ്മളെ കാണുന്നത്." തന്റെ നിറത്തിന്റെയും ശരീരഭാരത്തിന്റെയും പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് കാജോള്‍.
"ഒരുപാട് ആളുകള്‍ എന്നോട് പല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതൊന്നും ഒരു രീതിയിലും എന്നെ ബാധിച്ചിട്ടില്ല. അതിനര്‍ത്ഥം ഞാൻ ചെയ്യുന്നതില്‍ ശരികളുണ്ടായിരുന്നു എന്നതാണ്. അവര്‍ പറഞ്ഞതൊന്നും ഞാൻ ഗൗരവ്വമായി സ്വീകരിച്ചിട്ടില്ല."
ജൂലൈ 14 മുതല്‍ 'ട്രെയല്‍' ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ജിഷൂ സെൻഗുപ്ത, ഷീബ ഛദ്ദ, കുബ്ര സെയ്ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ അടുത്തിടെ പുറത്തിറങ്ങിയ 'ലസ്റ്റ് സ്റ്റാറീസ് 2' ലും കാജോള്‍ അഭിനയിച്ചിരുന്നു.



0 Comments