ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയാണ് മെൽബിൻ ബേബി. ഇപ്പോൾ കോതമംഗലം പുത്തൻ കുരിശിലാണ് താമസം. ഉപജീവനത്തിനായി അവിടെ ഒരു ചെരുപ്പ് കട നടത്തുന്നു. അഭിനയം തന്നെയാണ് പാഷൻ. അതിനായി ഏറെ അലഞ്ഞു. ഇതുവരെ പങ്കെടുത്തത് അറുപതോളം ഓഡിഷനുകളിലാണ്. ഒടുവിൽ തല്ലുമാല, മറിയം എന്നീ സിനിമകളിൽ തരക്കേടില്ലാത്ത വേഷങ്ങൾ ലഭിച്ചു. മറിയത്തിൽ വില്ലൻ വേഷത്തിലാണ് എത്തിയത്. ഹീന എന്ന വെബ് സീരീസിന്‍റേയും ഭാഗമായി. നാട്ടുകാരും കൂട്ടുകാരുമൊക്കെ ഒരുമിച്ച് ചെയ്യുന്ന പുതിയ സിനിമയിൽ നായകനായെത്തുന്ന ത്രില്ലിലാണിപ്പോള്‍ മെൽബിൻ.
അടിമാലിയിൽ മാര്‍ ബസേലിയൂസ് കോളേജിലെ ബിബിഎ പഠനശേഷം തിരുവനന്തപുരം എയര്‍പോര്‍ട്ടിൽ ബാഗേജ് സെക്ഷനിൽ ഒരു വര്‍ഷം മെൽബിൻ ജോലി ചെയ്തിരുന്നു. ആയിടയ്ക്ക് ഫിലിം ഓഡിഷനുകളിലും പങ്കെടുത്തിരുന്നു. ബിബിഎ പഠന സമയത്ത് പ്രൊജക്ടുകളുടെ ഭാഗമയുള്ള പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. . ചെറുപ്പം മുതൽ അഭിനയിക്കാനുള്ള ആഗ്രഹമുള്ളതിനാൽ എയര്‍പോര്‍ട്ടിലെ ജോലി റിസൈൻ ചെയ്ത് 2019-ൽ കൊച്ചിയിൽ ലൂമിനാര്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ദേവേന്ദ്രദാസ് ശങ്കരനാരായണന് കീഴിൽ ഒരു വർഷം ആക്ടിങ് കോഴ്സ് പഠിച്ചു. അവിടെ ചെറിയ പ്രൊജക്ടുകളുടെ ഭാഗമായി ഹ്രസ്വ സിനിമകളിൽ അഭിനയിച്ചു. കോഴ്സ് പഠനം കഴിഞ്ഞപ്പോഴാണ് അഭിനയം ഗൗരവമായി എടുത്ത് തുടങ്ങിയതെന്ന് മെൽബിൻ പറയുന്നു.
ശേഷം ഫേസ്ബുക്കിൽ ചില ഡയറക്ടേഴ്സിനൊക്കെ റിക്വസ്റ്റ് അയച്ചു. അവരുടെ മെസഞ്ചറിൽ മെസേജ് അയച്ചു. അങ്ങനെ ബിബിൻ ഷിഹ എന്നൊരു സംവിധായകന്‍റെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. മൂന്ന് സിനിമകൾ ചെയ്യുന്നതിനായി അദ്ദേഹം പദ്ധതിയിട്ടു. അതിൽ മറിയം എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചു. ചിത്രം അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. മറ്റ് രണ്ട് പടങ്ങൾ മുടങ്ങി.
കാസ്റ്റിങ് കോളുകള്‍ കാണുമ്പോൾ ബയോ അയക്കാറുണ്ട്. ഇതുവരെ അറുപതോളം ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. പലതും വിളിച്ചിട്ടില്ല. തമിഴിൽ ചിലതിനൊക്കെ പോയി ഏതാനും ഫണ്ട് കയ്യിൽ നിന്ന് പോയിട്ടുണ്ട്. ചിലര്‍ റോളുകളുണ്ടെന്ന് പറയും, നായകനാക്കാമെന്ന് പറയും. എത്ര രൂപ തരും എന്ന് ചോദിക്കും. ഒരിക്കൽ പെരുമ്പാവൂരിൽ നിന്നും ഒരു സംവിധായകൻ വിളിച്ചിട്ട് ടൊവിനോയുടെ സഹോദരന്‍റെ സുഹൃത്തായി ഒരു സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ട്, അമ്പതിനായിരം തരുകയാണെങ്കിൽ ആ റോൾ തരുമെന്ന് പറഞ്ഞു. അത്രയും പൈസ കൊടക്കാനൊന്നും കൈയിലില്ലല്ലോ. . തമിഴിലും ഇതുപോലെ വിളിച്ചിട്ടുണ്ട്.
പ്രളയം വിഷയമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്ത 2018 എന്ന സിനിമയിൽ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. ഉല്ലാസപൂത്തിരികള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തല്ലുമാലയിൽ അത്യാവശ്യം മുഖം കാണുന്ന റോളാണ് കിട്ടിയത്. 12 ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. അന്ന് ദിവസം 700 രൂപ വെച്ച് കിട്ടിയിരുന്നു. ഇനി പുതിയ പടം തുടങ്ങാനിരിക്കുന്നു. രണ്ടുമൂന്ന് സിനിമകളിൽ അഭിനയിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്.
സ്കൂളുകളിൽ മിമിക്രി ചെയ്തിട്ടുണ്ട്. കലോത്സവങ്ങളിലൊന്നും പങ്കെടുക്കാനായിട്ടില്ല. അഭിനയത്തിനായി പോകുന്നതിൽ വീട്ടിൽ അത്ര പിന്തുണയില്ല. കുറച്ച് സിനിമകളിലൊക്കെ മുഖമൊക്കെ വന്ന് തുടങ്ങിയപ്പോൾ ചെറുതായി ഇഷ്ടപ്പെട്ട് വരുന്നുണ്ട്. എങ്കിലും അഭിനയം വഴി ഇൻകം കിട്ടുന്ന രീതിയിലൊന്നും ഇപ്പോഴും ആയിട്ടില്ലല്ലോ. എങ്കിലും അഭിനയമാണ് പാഷൻ. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് അതിയായ ആഗ്രഹമുണ്ട്, മെൽബിൻ പറയുന്നു.



0 Comments