Image Background (True/False)


ഓപ്പണ്‍ഹൈമര്‍; മൂന്നു മണിക്കൂര്‍ മാസ്റ്റര്‍ക്ലാസ്: സംവിധായകൻ "രാഹുൽ രാജ് ".

 


ണവയുഗത്തിന് തുടക്കം കുറിച്ച മാന്‍ഹട്ടന്‍ പ്രോജക്റ്റ്, അമേരിക്ക എന്ന രാജ്യത്തിന്  തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ ശക്തി നല്‍കിയ ട്രിനിറ്റി ടെസ്റ്റ്, ഇനി ലോകം ഞങ്ങള്‍ ഭരിക്കും എന്ന പ്രഖ്യാപനത്തോടെ നടത്തിയ ഹിരോഷിമ, നാഗസാക്കി ബോംബിങ്ങ്, രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ച ആറ്റംബോംബിന്‍റെ പിതാവ്... ഒരു എഴുത്തുകാരന്‍റെ കണ്ണിലൂടെ നോക്കിയാല്‍ ഒരുപാട് ലെയറുകള്‍ ഉള്ള കഥാസാഹച്ചര്യം .. അതേപോലെ നായകന്‍ ഓപ്പണ്‍ഹൈമറിനെ കാണികള്‍ക്കായി ഒരുക്കണം. ആളിന്‍റെ ചിന്തയെ, കടന്നു പോയ ജീവിതത്തെ, ഭാവിയില്‍ താന്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചിന്തകള്‍ അങ്ങനെ പാത്രസൃഷ്ട്ടിയുടെ വ്യത്യസ്ത തലങ്ങള്‍..  ഇവയെല്ലാം ഉള്‍പ്പെടുത്തി ഒരു 800 കോടിക്ക് രൂപയ്ക്ക്  കിസ്റ്റ്റഫര്‍ നോളന്‍ ഈ പടം അങ്ങ് തീര്‍ത്തു. (3684  കോടി INR ആണ് ഇന്ത്യാന ജോണ്‍സിന്‍റെ ബജറ്റ് എന്നോര്‍ക്കുക)

പീക്കി ബ്ലൈന്‍ഡേഴ്സിലെ ടോമി ഷെല്ബിയാണ് മണി ഹെസ്റ്റിലെ പ്രൊഫസറിനു ശേഷം പിടിച്ചിരുത്തിയ ഒരു കഥാപാത്രം. ടോമി ഷെല്‍ബിയോട് തോന്നിയ ഇഷ്ട്ടത്തിനു കാരണം കിലിയന്‍ മര്‍ഫിയുടെ പക്വതയാര്‍ന്ന അഭിനയം ഒന്ന് തന്നെയായിരുന്നു.  ബിംഗ് വാച്ചിംഗ് എന്നത് എന്താന്ന് ശരിക്കും മനസിലാക്കിയ സീരീസുകളായിരുന്നു ഇവ രണ്ടും.  പിന്നെ സംവിധാനം മാസ്റ്റര്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ നോളന്‍.  ടിക്കറ്റ് എടുക്കാതിരിക്കാന്‍ പറ്റില്ല. ഐ.മാക്സില്‍ ഷൂട്ട്‌ ചെയ്ത സിനിമ ഐ.മാക്സില്‍ തന്നെ കാണാന്‍  സാധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ഉള്ള സൌകര്യങ്ങളില്‍ നോളന്‍റെ ബ്രില്യന്‍സും, കിലിയന്‍ മര്‍ഫിയുടെ പരകായവും കണ്ടു.



മനസ്സില്‍ വിഷ്വല്‍സ് കാണാന്‍ പറ്റുമെങ്കില്‍ അത് സിനിമയില്‍ ചിത്രീകരിക്കാം എന്നത്‌ സത്യമാണ്. ഇപ്പൊ കമ്പ്യുട്ടര്‍ ഗ്രാഫിക്സ് സാധ്യതകള്‍  ഉള്ളത് കൊണ്ട് ഇതൊരു വലിയ  കാര്യമായി പലര്‍ക്കും തോന്നില്ല. എന്നാല്‍ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങി അവിടെ  ചോള കൃഷി നടത്തി ലൊക്കേഷന്‍ നിര്‍മ്മിക്കുക, യുദ്ധകാലത്തും മറ്റും നിര്‍മ്മിക്കപ്പെട്ട വലിയ വിമാന ഗാരജുകള്‍ വടകയ്ക്കെടുത്ത് ഗോതം നഗരം സൃഷ്ട്ടിക്കുക, ഹെലിക്കോപ്റ്ററില്‍ വിമാനം തൂക്കി നിര്‍ത്തി  ലൈവ് ആക്ഷന്‍ ചിത്രീകരിക്കുക, വലിയ ട്രെയിലറുകള്‍ ഹൈവെയില്‍ സമ്മര്‍സോള്‍ട്ട് അടിപ്പിക്കുക, ഐസ്ലാന്‍ഡില്‍ പോയി ആളിന്‍റെ ചിന്തയിലുള്ള അന്യഗ്രഹ ഉപരിതലങ്ങള്‍ സൃഷ്ട്ടിക്കുക, അരയ്ക്കൊപ്പം വെള്ളം മാത്രമുള്ള വലിയ കായലുകള്‍ കണ്ടെത്തുക അതില്‍ ആക്ച്ചുവല്‍ സൈസില്‍ ഉള്ള അന്യഗ്രഹ പര്യവേക്ഷണ വാഹനങ്ങള്‍ ഇറക്കുക, ജംബോ വിമാനം ഹാങ്ങറില്‍ ഇടിച്ചു കയറ്റി ബോബ് വച്ച് പൊട്ടിക്കുക തുടങ്ങിയ  പരിപാടികള്‍ ചെയ്തു തഴക്കമുള്ള ആള്‍ക്ക് ഒരു ആറ്റം ബോബ് പൊട്ടിക്കുക എന്നത് ഒരു സംഭവമേ അല്ല. കാരണം തുടക്കകാലം മുതലേ കംപ്യുട്ടര്‍ ഗ്രാഫിക്സ് മാക്സിമം കുറച്ച് ഉപയോഗിക്കുക എന്നത് ആളിന്‍റെ ഒരു പോളിസി ആയിരുന്നു.  എന്നാല്‍ ഓപ്പണ്‍ഹൈമറില്‍ സി.ജി ഷോട്സ് ഒന്നും തന്നെയില്ല. എത്ര മനോഹരമായിട്ടാണ് ട്രിനിറ്റി എക്സ്പ്ലോഷന്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഇതേവരെയുള്ള നോളന്‍ സിനിമകളില്‍ നിന്ന് ഓപ്പണ്‍ഹൈമറിനെ വ്യത്യസ്തമാക്കുന്നത് ഇതിലെ ഡയലോഗ് സീനുകളും, ഓപ്പണ്‍ഹൈമറിന്‍റെ ഉള്ളില്‍ ഉണരുന്ന ചിന്തകളെ ബേസിക്ക് ഫിലിം മേക്കിംഗ് ടെക്നിക്സ് വച്ച് മനോഹരമാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്.  സൌണ്ട് ഡിസൈന്‍  സംവിധായകന്‍റെ ചിന്തയോടൊപ്പം പോയിരിക്കുന്നത് ശരിക്കും ആസ്വദിച്ചുപോയി . (ഹെവി ആക്ഷന്‍ സിനിമ പ്രതീക്ഷിച്ചു വന്നാല്‍ നിരാശരാകും എന്നോര്‍മ്മിപ്പിക്കുന്നു എന്നാല്‍ ഒരു നോളന്‍ ആരാധകനെ തീര്‍ച്ചയായും തൃപ്തിപ്പെടുത്തുന്നുമുണ്ട്.)



ഹിരോഷിമ , നാഗസാക്കി ബോംബിംഗ് ആസ്പദമാക്കി ഇറങ്ങിയ ജാപ്പനീസ്  സിനിമകളില്‍ ഏറ്റവും ഭയാനകമായി ഉപയോഗിച്ചിരിക്കുന്ന ശബ്ദമാണ് റേഡിയേഷന്‍ മോണിട്ടറിന്‍റെ കരുകരാ ശബ്ദം. താന്‍ സൃഷ്ടിക്കുവാന്‍ പോകുന്ന ആയുധത്തെക്കുറിച്ച് ഓപ്പണ്‍ഹൈമര്‍ ചിന്തിക്കുന്ന സമയം ഈ ശബ്ദം ഉപയോഗിച്ചിരിക്കുന്നു.  രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുന്ന അമേരിക്കന്‍  യുവാക്കളെ രക്ഷിക്കുവാന്‍  വേണ്ടിയാണ് ഈ ബോംബ്‌ എന്ന അമേരിക്കയുടെ ആഖ്യാനത്തോട് ചേര്‍ത്ത് ഈ ശബ്ദം റീഡ് ചെയ്യുമ്പോള്‍ ഭയം ഇരട്ടിക്കുന്നു.  

കഥാപാത്രത്തിന്‍റെ ഉള്ളിലേക്ക് കടന്നുള്ള എഴുത്തും, സംവിധാനവും.  ആറ്റം ബോംബിന്‍റെ പിതാവ് എന്നത് ഓപ്പണ്‍ഹൈമറിന് ഒരു മുള്‍ക്കിരീടമാകുന്ന അവസ്ഥ.. ഒരു കാലഘട്ടം പുനരാവിഷ്ക്കരിക്കുക, മനോഹരമായി ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫോട്ടോഗ്രാഫിയുടെ ഉപയോഗം, പൊളിറ്റിക്സ്, ഹിസ്റ്ററി, ഫിസിക്സ് ഇവയുടെ സിനിമയുമായുള്ള ബ്ലെന്റ് ,  കിലിയൻ മർഫി, എമിലി ബ്ലണ്ട് ,  മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ തുടങ്ങിയവരുടെ ഗംഭീര അഭിനയം... വളരെയധികം ഇഷ്ട്ടമായി... അടുത്ത ക്രിസ്റ്റഫര്‍ നോളന്‍ ലോകത്തിനായി കാത്തിരിക്കുന്നു



Post a Comment

0 Comments