‘വേലയില്ലാ പട്ടധാരി’ എന്ന ചിത്രത്തിലെ പുകവലി ദൃശ്യത്തിന്റെ പേരിൽ നടൻ ധനുഷിനും ചിത്രത്തിന്റെ നിർമാതാവായ ഐശ്വര്യാ രജനീകാന്തിന്റെയും പേരിലുള്ള കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
ചിത്രത്തിൽ സിഗരറ്റ്, പുകവലി ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ടെന്നാരോപിച്ച് തമിഴ്നാട് പീപ്പിൾസ് ഫോറം ഫോർ ടുബാക്കോ കൺട്രോൾ എന്ന സംഘടനയാണ് ചെന്നൈയിലെ മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
സിനിമാ പോസ്റ്ററിൽ ധനുഷ് സിഗരറ്റ് വലിക്കുന്ന ദൃശ്യമാണ് വിവാദത്തിലായത്. ഈ രംഗത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. പുകവലി നിരോധന നിയമം ലംഘിച്ചുവെന്നായിരുന്നു ആരോപണം. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സൈദാപ്പെട്ട് കോടതിയിൽ നടപടികൾ പുരോഗമിക്കവേയാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമർപ്പിച്ചത്.
പുകവലി നിരോധന നിയമപ്രകാരം പുകയില വസ്തുക്കളുടെ പരസ്യത്തിലാണ് മുന്നറിയപ്പ് നൽകേണ്ടതെന്നും ഇത് പരസ്യമല്ല സിനിമയാണെന്നും അതുകൊണ്ട് ഇങ്ങനെ എഴുതി കാണിക്കേണ്ട ആവശ്യമില്ലെന്നും ധനുഷിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി കേസ് റദ്ദാക്കിയത്. ഐശ്വര്യ രജനീകാന്താണ് ചിത്രത്തിന്റെ നിർമ്മാതാവ്.
2014 ലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തമിഴ്‌നാട്ടിലെ ബിരുദധാരികൾ നേരിടുന്ന തൊഴിലില്ലായ്മ പ്രമേയമാക്കി ആർ വെൽരാജ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. ധനുഷ് നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അമല പോളായിരുന്നു നായിക. ചിത്രത്തിന്റെ രണ്ടാം ഭാഗവും ശ്രദ്ധ നേടിയിരുന്നു.


0 Comments